പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി ആസ്റ്റൺവില്ല; പട്ടികയിൽ ജെറാർഡും,മാർട്ടിനസും

2021-22 സീസണിൽ ദയനീയ പ്രകടനം കാഴ്ച വെക്കുന്ന ആസ്റ്റൺ വില്ല കഴിഞ്ഞ ദിവസമായിരുന്നു തങ്ങളുടെ പരിശീലകനായിരുന്ന ഡീൻ സ്മിത്തിനെ തൽ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. ഡീൻ സ്മിത്തിന് പകരക്കാരനായി ഒരു താൽക്കാലിക മാനേജറെ നിയമിക്കാൻ താല്പര്യപ്പെടുന്നില്ലാത്ത അവർ പുതിയ പരിശീലകനെ കണ്ടെത്താനുള്ള നീക്കങ്ങൾ ദ്രുതഗതിയിൽ നടത്തുന്നുണ്ടെന്നും, പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാൻ താല്പര്യപ്പെടുന്നവരുടെ ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കിയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.
പരിശീലക സ്ഥാനത്തേക്ക് ആസ്റ്റൺവില്ല ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നവരിൽ ഇംഗ്ലീഷ് ഇതിഹാസവും നിലവിൽ സ്കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്സിന്റെ പരിശീലകനുമായ സ്റ്റീവൻ ജെറാർഡുണ്ടെന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. ആസ്റ്റൺ വില്ലയുടെ സിഇഓ ആയ ക്രിസ്റ്റ്യൻ പാർസ്ലോക്ക് ജെറാർഡുമായി മികച്ച ബന്ധമാണുള്ളത്. ഇത് ജെറാർഡ് വില്ലയിലെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്. ജെറാർഡിനെ പരിശീലകനായി കൊണ്ടു വരുന്നതിന് വില്ല, റേഞ്ചേഴ്സിന് നഷ്ടപരിഹാരം നൽകേണ്ടിവന്നേക്കാമെങ്കിലും അദ്ദേഹത്തെ പരിശീലകനായെത്തിക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബിന് ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.
Steven Gerrard and Roberto Martinez are on Aston Villa's shortlist of possible replacements for Dean Smith.
— Sky Sports News (@SkySportsNews) November 8, 2021
നിലവിൽ ബെൽജിയം ദേശീയ ടീമിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസാണ് ആസ്റ്റൺ വില്ലയുടെ ഷോർട്ട് ലിസ്റ്റിലുള്ള മറ്റൊരു പ്രധാനി. ഈയടുത്ത് ബാഴ്സലോണ, ടോട്ടൻഹാം എന്നിവരുമായി ബന്ധപ്പെടുത്തി മാർട്ടിനസിന്റെ പേര് പറഞ്ഞു കേട്ടിരുന്നു. മുൻപ് ഇംഗ്ലീഷ് ക്ലബ്ബുകളായ എവർട്ടൺ, വിഗാൻ അത്ലറ്റിക്ക് എന്നിവരെ പരിശീലിപ്പിച്ചിരുന്ന മാർട്ടിനസ് പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാൻ തയ്യാറാണെന്നും റിപ്പോർട്ടുകളുണ്ട്. വില്ലയുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഡെന്മാർക്ക് ദേശീയ ടീമിന്റെ മാനേജറായ കാസ്പർ ഹിയുൽമൻഡുമുണ്ടെന്നും സൂചനകളുണ്ട്. ഈ മാസത്തെ അന്താരാഷ്ട്ര ഇടവേള അവസാനിക്കുന്നതിന് മുൻപായി പുതിയ പരിശീലകനെ നിയമിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അവർ.
അതേ സമയം 2020-21 സീസണിലെ പ്രീമിയർ ലീഗിൽ മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ച് പതിനൊന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആസ്റ്റൺ വില്ല, 2021-22 സീസണിൽ നിലവിൽ പതിനാറാം സ്ഥാനത്താണുള്ളത്. 11 മത്സരങ്ങളിൽ വെറും മൂന്നെണ്ണത്തിൽ മാത്രം വിജയിക്കാനായ അവർക്ക് 10 പോയിന്റുകൾ മാത്രമേ ലീഗിൽ ഇക്കുറി നേടാനായിട്ടുള്ളൂ.