Football in Malayalam

സ്റ്റീവ് ബ്രൂസ് ന്യൂകാസിൽ യുണൈറ്റഡ് പരിശീലകസ്ഥാനമൊഴിഞ്ഞു

Sreejith N
Newcastle United v Tottenham Hotspur - Premier League
Newcastle United v Tottenham Hotspur - Premier League / Getty Images/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തു നിന്നും സ്റ്റീവ് ബ്രൂസ് പടിയിറങ്ങി. സൗദി അറേബ്യ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി മാറിയ ന്യൂകാസിലിന്റെ പരിശീലകസ്ഥാനത്തു നിന്നും ബ്രൂസ് ഒഴിവായത് ഏതെങ്കിലും വമ്പൻ പരിശീലകർ ടീമിലെത്തുമെന്നതിന്റെ വ്യക്തമായ സൂചനകളാണു നൽകുന്നത്.

പരസ്‌പരധാരണയോടെയാണ് ന്യൂകാസിൽ യുണൈറ്റഡും ബ്രൂസും വഴി പിരിയുന്നതെന്ന് പ്രീമിയർ ലീഗ് ക്ലബ് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. രണ്ടു വർഷത്തിലധികം ക്ലബിന്റെ പരിശീലകനായിരുന്ന ബ്രൂസിനു കീഴിൽ ഒരു സീസണിൽ പതിമൂന്നാം സ്ഥാനത്തും ഒരു സീസണിൽ പന്ത്രണ്ടാം സ്ഥാനത്തുമാണ് ക്ലബ് ഫിനിഷ് ചെയ്‌തത്‌. നിലവിൽ പ്രീമിയർ ലീഗിൽ പത്തൊൻപതാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റഡ്.

ന്യൂകാസിൽ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞതിൽ തനിക്കുള്ള സന്തോഷം വിടവാങ്ങൽ സന്ദേശത്തിൽ ബ്രൂസ് പ്രകടിപ്പിച്ചു. കോച്ചിങ് ടീമിനും കളിക്കാർക്കും സ്റ്റാഫിനുമുള്ള നന്ദി പ്രകടിപ്പിച്ച അദ്ദേഹം ഉയർച്ചകളും താഴ്‌ചകളും ക്ലബിനൊപ്പം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ക്ലബിലുള്ളവർ അവരുടെ കഴിവിന്റെ പരമാവധി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടോട്ടനത്തിനെതിരായ കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തോടെ തന്റെ പരിശീലക കരിയറിലെ ആയിരത്താമത്തെ മത്സരം പൂർത്തിയാക്കിയാണ് ബ്രൂസ് ന്യൂകാസിൽ യുണൈറ്റഡ് വിടുന്നത്. ബ്രൂസിന്റെ അഭാവത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ നടക്കുന്ന അടുത്ത മത്സരം താത്കാലിക പരിശീലകനായ ഗ്രയിം ജോൺസ്‌ ആയിരിക്കും നയിക്കുക.

അതേസമയം ബ്രൂസിനു പകരം ആരായിരിക്കും ന്യൂകാസിലിന്റെ അടുത്ത പരിശീലകൻ ആവുകയെന്ന് ഏവരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന കാര്യമാണ്. അന്റോണിയോ കൊണ്ടേ, പൗളോ ഫോസെൻ, വെയ്ൻ റൂണി, ലാംപാർഡ്, ജെറാർഡ് എന്നിവരിൽ തുടങ്ങി സിനദിൻ സിദാന്റെ പേരു വരെ അഭ്യൂഹങ്ങളിൽ ഉയർന്നു കേൾക്കുന്നുണ്ട്.


facebooktwitterreddit