ബാഴ്സലോണയുടെ മോഹം നടക്കില്ല, റഹീം സ്റ്റെർലിങ്ങിനെ ജനുവരിയിൽ ഒഴിവാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യമില്ല


ബാഴ്സലോണ പരിശീലകനായി സ്ഥാനമേറ്റെടുത്ത സാവിക്കു മുന്നിലുള്ളത് വളരെ വലിയ കടമ്പകളാണ്. സാമ്പത്തിക പ്രതിസന്ധിയും പ്രധാന താരങ്ങൾ ക്ലബ് വിട്ടതും പരിക്കിന്റെ ബുദ്ധിമുട്ടുകളുമെല്ലാമുള്ള ഒരു ടീമിനെ ഉയർത്തിയെടുത്ത് മുന്നോട്ടു കൊണ്ടു വരികയെന്ന വലിയ ലക്ഷ്യമാണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്. അതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ സാവി ആരംഭിക്കുകയും ചെയ്തിരിക്കുന്നു.
ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തതിനു പിന്നാലെ ഡാനി ആൽവാസിനെ ബാഴ്സയിൽ തിരിച്ചെത്തിച്ച സാവി ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഏതാനും താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. തന്റെ ശൈലി നടപ്പിലാക്കാൻ വിങ്ങർമാരെ പ്രധാനമായും ഉന്നം വെക്കുന്ന അദ്ദേഹത്തിന്റെ പട്ടികയിൽ മുന്നിലുള്ള പേരുകളിലൊന്ന് മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിംഗാണ്.
മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞ റഹീം സ്റ്റെർലിങ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ലക്ഷ്യം വെച്ച് ക്ലബ് വിടാനുള്ള സാധ്യതകൾ തിരയുന്നുണ്ടെങ്കിലും താരത്തെ മാഞ്ചസ്റ്റർ സിറ്റി ജനുവരിയിൽ വിട്ടു കൊടുക്കില്ലെന്നാണ് പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ടു ചെയ്യുന്നത്. ഗ്വാർഡിയോള തന്റെ ഈ സീസണിലെ പദ്ധതികളിൽ താരത്തെയും കണക്കു കൂട്ടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നേരത്തെ അൻപതു മില്യൺ യൂറോ നൽകിയാൽ സ്റ്റെർലിംഗിനെ വിട്ടുകൊടുക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതു യാഥാർഥ്യമല്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. പ്രീമിയർ ലീഗ് കിരീടം നിലനിർത്താനും കഴിഞ്ഞ സീസണിൽ കൈവിട്ട ചാമ്പ്യൻസ് ലീഗ് നേടാനും ഏറ്റവും മികച്ച സ്ക്വാഡിനെ തന്നെ വേണമെന്ന് അവർ കരുതുന്നു.
അതേസമയം ഗ്വാർഡിയോളയുടെ കീഴിൽ പകരക്കാരനായി കളിക്കളത്തിൽ ഇറങ്ങുന്നതിനേക്കാൾ സ്റ്റെർലിങ്ങിന്റെ പരിഗണന ബാഴ്സലോണയിലേക്ക് ജനുവരിയിൽ ചേക്കേറുകയെന്നതാണ്. എന്നാൽ 2023 വരെ കരാറുള്ള താരത്തെ വിട്ടുകൊടുക്കാൻ സിറ്റി തയ്യാറാവാതിരുന്നാൽ അത് ബാഴ്സയുടെ ഈ സീസണിലെ പദ്ധതികളെ തന്നെ ബാധിക്കും.