ഫുട്ബോളിൽ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴിവെക്കുന്ന നിർദ്ദേശങ്ങളുമായി എസി മിലാൻ പരിശീലകൻ


ഓരോ കാലഘട്ടത്തിലും ഫുട്ബോൾ പ്രസക്തമായ മാറ്റങ്ങൾക്കു വിധേയമാകാറുണ്ട്. വീഡിയോ അസിസ്റ്റന്റ് റഫറി, ഗോൾലൈൻ ടെക്നോളജി, അഡീഷണൽ സബ്സ്റ്റിട്യൂട്ട് എന്നിങ്ങനെ കാലഘട്ടവും അപ്പോഴത്തെ സാഹചര്യങ്ങളും ആവശ്യപ്പെടുന്നതിന് അനുസൃതമായി അടുത്ത കാലത്ത് ഫുട്ബോളിൽ വന്നിട്ടുള്ള മാറ്റങ്ങൾ നിരവധിയാണ്.
അതിനിടയിൽ ആധുനിക ഫുട്ബോളിൽ വളരെ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴിവെക്കുന്ന നിർദ്ദേശങ്ങളുമായി രംഗത്തു വന്നിരിക്കയാണ് എസി മിലാൻ പരിശീലകനായ സ്റ്റെഫാനോ പയോളി. കൂടുതൽ ആക്രമണാത്മകമായ ഫുട്ബോൾ കളിക്കാൻ സഹായിക്കുന്ന ഈ നിർദ്ദേശങ്ങൾ ബാസ്കറ്റ്ബോളിൽ നിന്നുമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
Milan coach Stefano Pioli says a backcourt violation rule could lead to more attacking football ? pic.twitter.com/0KNwa9MxyE
— B/R Football (@brfootball) September 24, 2021
"നമ്മൾക്ക് കൂടുതൽ ആക്രമണ ഫുട്ബോൾ വേണമെങ്കിൽ ഹാഫ് വേ ലൈൻ കടന്ന താരങ്ങൾ തിരിച്ചു സ്വന്തം ഹാഫിലേക്ക് പോകുന്നത് നിയന്ത്രിക്കുന്ന തരത്തിലുള്ള നിയമം വേണം," സ്പെസിയക്കെതിരെ നടന്ന സീരി എ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പയോളി പറഞ്ഞു.
അഞ്ചു പകരക്കാരെ ഏർപ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത മിലാൻ പരിശീലകൻ പന്ത് പുറത്തേക്ക് പോകുന്ന സമയത്തെല്ലാം ക്ലോക്ക് നിൽക്കണമെന്നും അതിനു പുറമെ ഫസ്റ്റ് ഹാഫിൽ ടൈം ഔട്ട് വേണമെന്നും നിർദ്ദേശിച്ചു.
നേരത്തെ ബയേൺ പരിശീലകനായ ജൂലിയൻ നെഗൽസ്മാനും ഫുട്ബോളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും ആരാധകരെ നിലനിർത്താൻ അത് കൂടിയേ തീരുവെന്നും പറഞ്ഞിരുന്നു. അതിനിടയിൽ ബുണ്ടസ്ലീഗയുടെ ഫോർമാറ്റിൽ മാറ്റം വരുത്താനുള്ള ചില നിർദ്ദേശങ്ങൾ അവരുടെ നേതൃത്വവും മുന്നോട്ടു വെച്ചിട്ടുണ്ട്.