ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവിനുള്ള സാധ്യതയെക്കുറിച്ച് സ്പോർട്ടിങ് സിപിയുടെ ടെക്നിക്കൽ ഡയറക്ടർ
By Vaisakh. M

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയെ ഈ സമ്മർ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് സ്പോർട്ടിങ് സിപി ടെക്നിക്കൽ ഡയറക്ടർ ഹ്യൂഗോ വിയാന. എന്നാൽ ഭാവിയിൽ താരത്തെ സ്വന്തമാക്കാനാകുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
"അതിനുള്ള സമയം ഇപ്പോഴല്ലെന്ന് ഞാൻ കരുതുന്നു. അത് സാധ്യമാണെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം എവിടേക്കാണ് പോകുന്നതെന്ന് അദ്ദേഹമാണ് തീരുമാനിക്കുന്നത്. പക്ഷെ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയില്ല. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അദ്ദേഹത്തിന് കരാർ ഒരു വർഷം കൂടി ബാക്കിയുണ്ട്. അതിനാൽ അദ്ദേഹം എന്ത് തീരുമാനിക്കുമെന്ന് നമുക്ക് നോക്കാം," വിയാന സ്കൈ സ്പോർട്സിനോട് പറഞ്ഞു .
"മാഞ്ചസ്റ്റർ യുണൈറ്റഡിനു സ്ഥിരത കൈവരിക്കാനും ക്ലബിനുള്ളിൽ ഒരു നല്ല സ്പിരിറ്റ് സൃഷ്ടിക്കാനുമുള്ള സമയമാണിത്. പക്ഷെ അതല്ല ഇപ്പോൾ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പുനർനിർമ്മിതിക്കുള്ള സമയം ഇനിയുമുണ്ടെന്ന് ഞാൻ കരുതുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ അവിടെ അവർക്ക് ഓരോ സീസണിലും 25 ഗോളുകൾ നേടുന്ന ഒരു കളിക്കാരനുണ്ട്."
- ഹ്യൂഗോ വിയാന , സ്പോർട്ടിങ് സിപി
സ്പോർട്ടിങ് അക്കാഡമിയിലൂടെ 12ആം വയസിലാണ് ക്രിസ്ത്യാനോ റൊണാൾഡോ തന്റെ കരിയറിനു തുടക്കമിടുന്നത്. സീനിയർ ടീമിൽ ഒരു വർഷം കളിച്ച താരത്തിന്റെ കരിയറിനു വിപ്ലവാത്മകമായ വഴിത്തിരിവായത് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള സ്പോർട്ടിങ്ങിന്റെ സൗഹൃദമത്സരമാണ്. പിന്നീട് 2003ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കുകയായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റയൽ മാഡ്രിഡിലും പിന്നീട് യുവന്റസിലും മികച്ച പ്രകടനവുമായി ട്രോഫികൾ വാരിക്കൂട്ടിയെങ്കിലും ഓൾഡ് ട്രാഫോഡിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ച വിജയമുണ്ടാക്കിയില്ല. യുണൈറ്റഡ് ട്രോഫിയില്ലാതെ മറ്റൊരു സീസൺ അവസാനിപ്പിക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാതെ യൂറോപ്പ ലീഗിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
അതേ സമയം, റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിൽ താരം ക്ലബിൽ തുടരുമെന്ന് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നത്. പരിശീലകൻ എറിക് ടെൻ ഹാഗിന്റെ പദ്ധതികളിൽ നിർണായക റോളാണ് താരത്തിനുള്ളത്.