കാഡിസിനെതിരെ ഫ്രങ്കീ ഡി ജോങിനെ പുറത്താക്കിയ തീരുമാനം തെറ്റായിരുന്നുവെന്ന് സ്പാനിഷ് റഫറി


കാഡിസിന്റെ മൈതാനത്തു വെച്ച് ഇന്നലെ നടന്ന ലാ ലിഗ മത്സരം ബാഴ്സയ്ക്ക് കടുത്ത നിരാശയാണു സമ്മാനിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ പതറിയെങ്കിലും താരതമ്യേനെ ദുർബലരായ എതിരാളികൾക്കു മേൽ ബാഴ്സലോണ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കി മത്സരത്തിൽ മുൻതൂക്കം പോലും നേടാനാവാതെയാണ് ടീം സമനില വഴങ്ങിയത്.
മത്സരത്തിൽ പിടിമുറക്കാൻ കിണഞ്ഞു പരിശ്രമിച്ചിരുന്ന ബാഴ്സയെ ഒന്നുകൂടി ദുർബലപ്പെടുത്തിയാണ് മധ്യനിര താരം ഫ്രങ്കീ ഡി ജോങിന് ചുവപ്പുകാർഡ് ലഭിച്ചത്. മത്സരം ഒരു മണിക്കൂർ പിന്നിട്ടതിനു ശേഷം നാലു മിനുറ്റിനിടെ രണ്ടു മഞ്ഞക്കാർഡുകൾ നേടിയതിന്റെ ഭാഗമായാണ് ഡി ജോംഗ് പുറത്താക്കപ്പെട്ടത്. എന്നാൽ രണ്ടാമത്തെ ഫൗളിൽ താരം ബോൾ കൃത്യമായി വിൻ ചെയ്തിരുന്നു.
Taking a terrible first touch, still winning the ball and then getting sent off as a result? You couldn't write this stuff ?
— GiveMeSport (@GiveMeSport) September 23, 2021
You almost have to feel sorry for Barcelona at this point ?https://t.co/pUKLVMIwCa
ഡി ജോങ് പുറത്താക്കപ്പെട്ടത് തിരിച്ചു വരാനുള്ള ബാഴ്സയുടെ സാധ്യതകളെ തീരെ ഇല്ലാതാക്കിയിരുന്നു. എന്നാൽ താരത്തെ പുറത്താക്കിയ മാച്ച് റഫറിയായ കാർലോസ് ഡെൽ സെർഡോ ഗ്രാൻഡെയുടെ തീരുമാനം തെറ്റായിരുന്നുവെന്നാണ് മറ്റൊരു സ്പാനിഷ് റഫറിയായ അൽഫോൻസോ പെരെസ് ബുറുൽ പറയുന്നത്.
"ബാഴ്സ കളിക്കാരൻ ചെയ്ത രണ്ടു കുറ്റങ്ങളും പരിഗണിക്കുമ്പോൾ, ബാഴ്സലോണയെ പത്തു പേരാക്കി ചുരുക്കിയ തീരുമാനം ശരിയായിരുന്നില്ല." സ്പാനിഷ് മാധ്യമം മാർക്കയുടെ റഫറി എക്സ്പെർട്ട് കൂടിയായ അൽഫോൻസോ പെരെസ് ബുറുൽ അഭിപ്രായപ്പെട്ടു.
കരിയറിൽ രണ്ടാമത്തെ തവണ മാത്രമാണ് ഫ്രങ്കീ ഡി ജോംഗ് ചുവപ്പു കാർഡ് കണ്ടു പുറത്താക്കപ്പെടുന്നത്. രണ്ടു തവണയും കാർലോസ് ഡെൽ സെർഡോ ഗ്രാൻഡെ തന്നെയാണ് ഡച്ച് താരത്തെ പുറത്താക്കിയതെന്ന യാദൃശ്ചികത കൂടിയുണ്ട്.