എംബാപ്പക്ക് റയൽ മാഡ്രിഡ് ഓഫർ ചെയ്യാനൊരുങ്ങുന്ന കരാറിന്റെ വിവരങ്ങൾ പുറത്ത്
By Sreejith N

അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രീ ഏജന്റാകാൻ പോകുന്ന കിലിയൻ എംബാപ്പയെ ചുറ്റിപ്പറ്റി ഫുട്ബോൾ ലോകത്ത് ഒരുപാട് ചർച്ചകൾ മുന്നോട്ടു പോകുന്നുണ്ട്. ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ 200 മില്യൺ യൂറോ വരെ ഓഫർ ചെയ്‌തെങ്കിലും എംബാപ്പയെ വിട്ടുകൊടുക്കാൻ പിഎസ്‌ജി തയ്യാറായിരുന്നില്ല.
കഴിഞ്ഞ സമ്മറിലെ നീക്കങ്ങൾ പരാജയപ്പെട്ടുവെങ്കിലും ഈ സീസണോടെ കരാർ അവസാനിക്കുന്ന എംബാപ്പയെ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നത് റയൽ മാഡ്രിഡിനു തന്നെയാണ്. അതിനിടയിൽ താരത്തിന് റയൽ മാഡ്രിഡ് ഓഫർ ചെയ്യാൻ പോകുന്ന കരാറിന്റെ വിവരങ്ങൾ സ്‌പാനിഷ് മാധ്യമമായ എബിസി പുറത്തു വിടുകയുണ്ടായി.
എബിസിയുടെ റിപ്പോർട്ടുകൾ പ്രകാരം ഫ്രീ ഏജന്റായി ക്ലബ്ബിലേക്ക് വന്നാൽ 40 മില്യൺ യൂറോ സൈനിങ് ബോണസായി മാത്രം എംബാപ്പെക്ക് റയൽ മാഡ്രിഡ് നൽകും. ഇതിനു പുറമെ 21 മില്യൺ യൂറോ പ്രതിവർഷം എന്ന കണക്കിൽ ആറു വർഷത്തെ കരാറാണ് ഇരുപത്തിരണ്ടു വയസുള്ള താരത്തിനായി ലോസ് ബ്ലാങ്കോസ് ഓഫർ ചെയ്യുന്നത്.
ഈ സീസണു ശേഷം ഫ്രീ ഏജന്റായി മാറും എന്നതിനാൽ തന്നെ എംബാപ്പക്ക് ജനുവരി മുതൽ ഏതു ക്ലബുമായും പ്രീ കോണ്ട്രാക്റ്റ് ഒപ്പിടാൻ വേണ്ടി കഴിയും. എന്നാൽ ഈ സീസൺ കഴിഞ്ഞതിനു ശേഷം മാത്രം തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കാനുള്ള പദ്ധതിയിലാണ് താരമുള്ളത്.
അതേസമയം താരവുമായി കരാർ പുതുക്കാനുള്ള സജീവമായ ശ്രമങ്ങൾ പിഎസ്‌ജി നടത്തുന്നുണ്ട്. ക്ലബിന്റെ നീക്കങ്ങൾ ഇതുവരെയും വിജയം കണ്ടിട്ടില്ലെന്നതിനാൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ നഷ്‌ടപ്പെടുന്ന സാഹചര്യമാണ് പിഎസ്‌ജി നേരിട്ടു കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.