Football in Malayalam

റാമോസ് കരാർ പുതുക്കില്ല, റയൽ മാഡ്രിഡ് നായകൻ ഈ സീസണു ശേഷം ക്ലബ് വിടുമെന്നുറപ്പാണെന്ന് സ്‌പാനിഷ്‌ ജേർണലിസ്റ്റ്

Sreejith N
Real Madrid v Athletic Club - Supercopa de Espana Semi Final
Real Madrid v Athletic Club - Supercopa de Espana Semi Final / Fran Santiago/Getty Images
facebooktwitterreddit

ഈ സീസണോടെ റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുന്ന സെർജിയോ റാമോസ് അത് പുതുക്കില്ലെന്ന കാര്യം ഉറപ്പിച്ചു പറഞ്ഞ് സ്‌പാനിഷ്‌ മാധ്യമപ്രവർത്തകൻ ജോസെപ് പെഡ്രെറോൾ. കരാർ പുതുക്കാതിരിക്കാനും റയൽ മാഡ്രിഡ് വിടാനുമുള്ള റാമോസിന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും വരില്ലെന്നും അദ്ദേഹം എൽ ചിരിങ്കുയിറ്റോയുടെ പരിപാടിക്കിടെ വ്യക്തമാക്കി.

"സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിടാനൊരുങ്ങുകയാണ്. അദ്ദേഹം ടീമിൽ തന്നെ തുടരാനുള്ള യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല. കരിയർ അവസാനിക്കുന്നതിനു മുൻപ് ഏതെങ്കിലുമൊരു വലിയൊരു കരാർ ഒപ്പിടാനും നല്ല പ്രതിഫലം നേടാനും റാമോസിന് അർഹതയുണ്ടെന്നാണ് റയൽ മാഡ്രിഡ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന് കൂടുതൽ തുക ഓഫർ ചെയ്യാൻ റയലിന് കഴിയില്ല," പെഡ്രെറോൾ വ്യക്തമാക്കി.

അതേസമയം കൂടുതൽ പ്രതിഫലത്തിനു വേണ്ടി റയൽ മാഡ്രിഡ് വിടാനുള്ള റാമോസിന്റെ തീരുമാനം ശരിയല്ലെന്ന അഭിപ്രായമാണ് പെഡ്രെറോളിനുള്ളത്. കോവിഡ് മഹാമാരി മൂലം നിരവധി പ്രതിസന്ധികളെ ക്ലബ് അഭിമുഖീകരിക്കുന്ന സമയത്ത് നായകനെന്ന നിലയിൽ റാമോസ് പ്രതിഫലം കുറച്ച് ക്ലബിനൊപ്പം തുടരുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

"റാമോസ് ചെയ്യുന്നത് ഒരു അബദ്ധമാണെന്നാണ് ഞാൻ കരുതുന്നത്. പത്തു ശതമാനം പ്രതിഫലം കുറച്ച് രണ്ടു വർഷത്തേക്ക് കരാർ ഒപ്പിട്ട് സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ പ്രതിഫലവും മെച്ചപ്പെടുത്തുകയെന്ന നിലയിൽ ഒരു പരിശ്രമം റാമോസിന്റെ ഭാഗത്തു നിന്നുമുണ്ടാകേണ്ടതാണ്," പെഡ്രെറോൾ പറഞ്ഞു.

പെഡ്രെറോളിനെ സംബന്ധിച്ച് പ്രധാന ചോദ്യം റാമോസ് ക്ലബ് വിടുന്നത് റയലും താരവും അടുത്തു തന്നെ പ്രഖ്യാപിക്കുമോ എന്നതാണ്. റയൽ വിടുന്ന റാമോസ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യത. താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമായി പിഎസ്‌ജി സജീവമായി രംഗത്തുണ്ട്.

facebooktwitterreddit