Football in Malayalam

ജോർജിയക്കെതിരായ സ്പെയിനിന്റെ മത്സരം തന്നെ ഹൃദയാഘാതത്തിന്റെ വക്കിലെത്തിച്ചുവെന്ന് പരിശീലകൻ ലൂയിസ് എൻറിക്വ

Sreejith N
Spain Training And Press Conference
Spain Training And Press Conference / Levan Verdzeuli/Getty Images
facebooktwitterreddit

സ്പെയിനും ജോർജിയയും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരം തന്നെ ഹൃദയാഘാതത്തിന്റെ വക്കിലെത്തിച്ചുവെന്ന് പരിശീലകൻ ലൂയിസ് എൻറിക്വ. ആദ്യ മത്സരത്തിൽ ഗ്രീസുമായി നിരാശപ്പെടുത്തുന്ന സമനില വഴങ്ങിയ സ്പെയിൻ രണ്ടാമത്തെ മത്സരത്തിലും അതാവർത്തിക്കുന്നതിന് അരികിലായിരുന്നുവെങ്കിലും സ്റ്റോപ്പേജ് സമയത്ത് ആർബി ലീപ്‌സിഗ് താരം ഡാനി ഓൾമോ നേടിയ ഗോൾ സ്പെയിന് 2-1ന്റെ വിജയം സമ്മാനിക്കുകയായിരുന്നു.

"ഒരു ഹാർട്ട് അറ്റാക്കിന്റെ അരികിലായിരുന്നു ഞാൻ. ഞങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നത് ആദ്യപകുതിയിൽ വ്യക്തമായിരുന്നു. ഒരു ചെറിയ പ്രതിരോധപ്പിഴവിൽ നിന്നും ഗോൾ വഴങ്ങിയതു മുതൽ മത്സരം സങ്കീർണമാകുമെന്ന് അറിയാമായിരുന്നു. കൂടുതൽ പാസുകൾ വഴി കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് കളിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്," മത്സരത്തിനു ശേഷം ടിവിഇയോട് എൻറിക്വ പറഞ്ഞു.

ലോകറാങ്കിങ്ങിൽ 83ആം സ്ഥാനത്ത് നിൽക്കുന്ന ഒരു ടീമിനോട് ഇത്തരമൊരു വിജയം സ്പെയിൻ അർഹിച്ചിരുന്നോവെന്ന ചോദ്യത്തോട് എൻറിക്വയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. "തീർച്ചയായും. അങ്ങനെയല്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ എനിക്കത് പ്രശ്നമല്ല. തൊണ്ണൂറാം മിനുട്ടിനു ശേഷം നിങ്ങൾ ഗോൾ നേടുന്നുണ്ടെങ്കിൽ അതിനു വേണ്ടി കഠിനാധ്വാനം ചെയ്തതു കൊണ്ടു തന്നെയാണ്. ഓരോ വിജയവും ഞങ്ങളുടെ ആത്മവീര്യം ഉയർത്തുമെങ്കിലും അതിൽ വിശ്രമിക്കാൻ ഞങ്ങൾക്ക് കഴിയില്ല," എൻറിക്വ വ്യക്തമാക്കി.

ഇരുപത്തിയെട്ടു വർഷമായി ഒരു ലോകകപ്പ് യോഗ്യത മത്സരം പോലും തോറ്റിട്ടില്ലാത്ത ടീമാണ് സ്പെയിൻ. എന്നാൽ കഴിഞ്ഞ അഞ്ചു മത്സരത്തിൽ ഒരു വിജയം പോലുമില്ലാതെ മുന്നോട്ടു പോയിരുന്ന ടീമിന്റെ ആദ്യ ജയമാണ് ഇന്നലത്തേത്. ഫെറൻ ടോറസും ഡാനി ഓൾമോയും സ്പെയിന് വേണ്ടി ഗോൾ നേടിയപ്പോൾ ഖ്വിച്ചയാണ് ജോർജിയയുടെ ഏകഗോൾ സ്വന്തമാക്കിയത്.

facebooktwitterreddit