സമനിലയിൽ കലാശിച്ച് സ്പെയിൻ-പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് മത്സരം

The match ended in a draw
The match ended in a draw / David Ramos/GettyImages
facebooktwitterreddit

സ്പെയിനും പോർച്ചുഗലും തമ്മിൽ നടന്ന യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്ഘട്ട മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരം 1-1നാണ് അവസാനിച്ചത്. സ്പെയിനിന് വേണ്ടി അൽവാരോ മൊറാട്ട ഗോൾ നേടിയപ്പോൾ, റിക്കാർഡോ ഹോർട്ടയാണ് പോർച്ചുഗലിന് വേണ്ടി ഗോൾ സ്വന്തമാക്കിയത്.

25ആം മിനുറ്റിൽ സ്പെയിനാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഗവിയിലൂടെ സ്പെയിൻ തുടങ്ങിയ ഒരു പ്രത്യാക്രമണനീക്കമാണ് ഗോളിൽ കലാശിച്ചത്. സ്വന്തം ഹാഫിൽ നിന്ന് പന്തുമായി മുന്നേറിയ ഗവി, സറാബിയക്ക് പാസ് നൽകുകയും, സറാബിയ പന്ത് മൊറാറ്റക്ക് കൈമാറുകയുമായിരുന്നു. ഗോളി മാത്രം മുന്നിൽ നിൽക്കെ ഒരു കൃത്യമായ ഫിനിഷിലൂടെ മൊറാറ്റ പന്ത് പോർച്ചുഗൽ ഗോൾവലയിലെത്തിച്ചു.

മത്സരത്തിന്റെ 82ആം മിനുറ്റിലായിരുന്നു പോർച്ചുഗലിന്റെ സമനിലഗോൾ പിറന്നത്. വലത് വശത്ത് നിന്ന് മികച്ചൊരു മുന്നേറ്റം നടത്തിയ ജോവോ ക്യാൻസലോ ബോക്സിലേക്ക് നൽകിയ ക്രോസിൽ നിന്ന് ഹോർട്ട ഗോൾവല കുലുക്കുകയായിരുന്നു.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് പോർച്ചുഗൽ മത്സരം ആരംഭിച്ചത്. 62ആം മിനുറ്റിൽ റൊണാൾഡോയെ പകരക്കാരനായി കളത്തിലിറക്കിയെങ്കിലും, കാര്യമായ നീക്കങ്ങൾ നടത്താൻ പോർച്ചുഗൽ നായകന് കഴിഞ്ഞില്ല.

അതേ സമയം, മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ഗവിയായിരുന്നു. സ്പെയിനിന്റെ മധ്യനിരയിൽ കളിച്ച ബാഴ്‌സലോണ യുവതാരം മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവെച്ചത്. ആദ്യ ഗോളിന് വഴിവെച്ച പ്രത്യാക്രമണം തുടങ്ങിയ ഗവി, 81ആം മിനുറ്റിൽ തന്നെ പിൻവലിക്കുന്നത് വരെ കളിക്കളത്തിലെ നിറസാന്നിധ്യമായിരുന്നു.

പോർച്ചുഗൽ സ്വിറ്റ്‌സർലൻഡിനെയും, സ്പെയിൻ ചെക്ക് റിപ്പബ്ലിക്കിനെയുമാണ് അവരുടെ അടുത്ത യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ നേരിടുക.