ഇറ്റലിയുടെ അപരാജിത കുതിപ്പിന് അവസാനമായി, സ്പെയിൻ യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ


മുപ്പത്തിയേഴു മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ യുവേഫ നാഷൻസ് ലീഗ് സെമി ഫൈനലിൽ കീഴടക്കി സ്പെയിൻ. ഇരുടീമുകളും മികച്ച പോരാട്ടം നടത്തിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾ നേടിയാണ് സ്പെയിൻ വിജയം നേടിയത്. യൂറോ കപ്പ് സെമിയിൽ ഇറ്റലിയോട് തോറ്റു പുറത്തായ സ്പെയിന് മധുരമായ പ്രതികാരം കൂടിയാണ് ഈ വിജയം സമ്മാനിച്ചത്.
മാൻസിനി പതിവുപോലെ 4-3-3 ഫോർമേഷനിൽ ഇറ്റലിയെ ഇറക്കിയപ്പോൾ ഫെറൻ ടോറസിനെ പ്രധാന സ്ട്രൈക്കറാക്കി സറാബിയയെ പിന്നിൽ നിർത്തി 4-4-2 ശൈലിയാണ് ലൂയിസ് എൻറിക്വ പരീക്ഷിച്ചത്. ഇരുടീമുകളുടെയും മധ്യനിര ശക്തമായതു കൊണ്ടു തന്നെ ഒഴുക്കുള്ള കളിയാണ് ആദ്യപകുതിയിൽ കണ്ടത്. പാസിംഗ് ഗെയിമിലൂടെ കളത്തിൽ ആധിപത്യം സ്ഥാപിക്കാൻ സ്പെയിൻ ശ്രമിച്ചപ്പോൾ പന്തു കാലിൽ കിട്ടുമ്പോഴെല്ലാം വേഗതയേറിയ നീക്കങ്ങളുമായി സ്പാനിഷ് ഗോൾമുഖത്തേക്ക് ഇരച്ചെത്തുകയാണ് ഇറ്റലി ചെയ്തിരുന്നത്.
Spain defeat Italy to reach the UEFA Nations League final! ?? pic.twitter.com/POsNR6msmF
— B/R Football (@brfootball) October 6, 2021
ആക്രമണങ്ങളിൽ ഇറ്റലി നേരിയ ആധിപത്യം പുലർത്തുന്ന സമയത്താണ് സ്പെയിനിന്റെ ഗോൾ വരുന്നത്. മാർകോ അലോൻസോയുമായി നടത്തിയ വൺ-ടു പാസിങ്ങിനു ശേഷം ഒയാർസാബാൽ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസിൽ നിന്നും മനോഹരമായ ഹെഡറിലൂടെയാണ് ഫെറൻ ടോറസ് വല കുലുക്കിയത്. അതിനു പിന്നാലെ തന്നെ സ്പെയിനിനു മറ്റൊരവസരം ലഭിച്ചെങ്കിലും പോസ്റ്റിലടിച്ചു വന്ന ബോൾ ബൊനൂച്ചി ക്ലിയർ ചെയ്ത് ഇറ്റലിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഗോൾ വഴങ്ങിയതിനു ശേഷം ആക്രമണം വർധിപ്പിച്ച ഇറ്റലിക്ക് തുറന്ന രണ്ടവസരങ്ങൾ ലഭിച്ചെങ്കിലും ബെർണാഡെഷിയുടെ ഷോട്ട് പോസ്റ്റിലടിച്ചും ഇൻസിനെയുടേത് നേരിയ വ്യത്യാസത്തിൽ പുറത്തേക്കും പോയി. ആദ്യപകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ബൊനൂച്ചി പുറത്തു പോയതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അതിനു പിന്നാലെ ഒയാർസാബാലിന്റെ തന്നെ മറ്റൊരു ക്രോസിൽ നിന്നും വീണ്ടും ഹെഡറിലൂടെ ഫെറൻ ടോറസ് സ്പെയിനിന്റെ ലീഡുയർത്തി മത്സരം വരുതിയിലാക്കി.
രണ്ടു ഗോളിന്റെ ലീഡ് നേടുകയും ഇറ്റാലിയൻ ടീം പത്തു പേരായി ചുരുങ്ങുകയും ചെയ്തതോടെ ശ്രദ്ധാപൂർവമാണ് സ്പെയിൻ രണ്ടാം പകുതിയിൽ കളിച്ചത്. ഗോൾ വഴങ്ങാതിരിക്കാൻ കൂടുതൽ ശ്രദ്ധിച്ച സ്പാനിഷ് ടീം പത്തു പേരായി ചുരുങ്ങിയ എതിരാളികളുടെ ദൗർബല്യം മുതലെടുത്തു നടത്തിയ ചില നീക്കങ്ങളിലൂടെ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും മുതലാക്കാൻ കഴിഞ്ഞില്ല.
അതേസമയം എൺപത്തിരണ്ടാം മിനുട്ടിൽ പൗ ടോറസിന്റെ പിഴവു മുതലെടുത്ത് ചിയേസ നടത്തിയ നീക്കത്തിനൊടുവിൽ പെല്ലെഗ്രിനിയിലൂടെ ഇറ്റലി ഒരു ഗോൾ മടക്കിയെങ്കിലും മത്സരം വിജയിക്കാൻ അതു പോരായിരുന്നു. അതിനു ശേഷം കൃത്യമായി ഇറ്റലിയെ പ്രതിരോധിച്ച് വിജയം സ്വന്തമാക്കിയ സ്പെയിൻ ബെൽജിയം vs ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് ഫൈനലിൽ നേരിടുക.