Football in Malayalam

ആവേശം അണപൊട്ടി, എട്ടു ഗോൾ പിറന്ന ത്രില്ലറിൽ ക്രൊയേഷ്യയെ മറികടന്ന് സ്പെയിൻ യൂറോ കപ്പ് ക്വാർട്ടറിൽ

Sreejith N
Croatia v Spain - UEFA Euro 2020: Round of 16
Croatia v Spain - UEFA Euro 2020: Round of 16 / Stuart Franklin/Getty Images
facebooktwitterreddit

ഇത്തവണത്തെ യൂറോ കപ്പ് കണ്ട ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ ക്രൊയേഷ്യയെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കു തകർത്ത് സ്പെയിൻ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ആദ്യം ക്രൊയേഷ്യയും പിന്നീട് സ്പെയിനും മുന്നിട്ടു നിന്നെങ്കിലും തൊണ്ണൂറു മിനുട്ട് അവസാനിക്കുമ്പോൾ ഇരുടീമുകളും മൂന്നു ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ രണ്ടു ഗോൾ കൂടി നേടിയാണ് സ്പെയിൻ വിജയം കണ്ടെത്തിയത്. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് സ്പെയിൻ അഞ്ചു ഗോൾ കണ്ടെത്തുന്നത്.

സ്ലോവാക്യക്കെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ കളിച്ച ജോർദി ആൽബക്കും ജെറാർഡ് മൊറേനക്കും പകരം ലൂയിസ് ഗയ, ഫെറൻ ടോറസ് എന്നിവരെയാണ് എൻറിക്വ ക്രൊയേഷ്യക്കെതിരായ ആദ്യ ഇലവനിൽ ഇറക്കിയത്. തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച സ്പെയിൻ നിരവധി തവണ ഗോളിനടുത്തെത്തിയെങ്കിലും ഒന്നും മുതലെടുക്കാനായില്ല. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ക്ളോസ് റേഞ്ചിൽ നിന്നും കൊക്കെ നഷ്ടപ്പെടുത്തിയ അവസരമടക്കം അതിൽ ഉൾപ്പെടുന്നു. സ്പെയിനിന്റെ സമ്പൂർണാധിപത്യം മത്സരത്തിൽ നിലനിൽക്കെയാണ് ഗോൾകീപ്പർ ഉനെ സിമോൺ വരുത്തിയ പിഴവിൽ ക്രൊയേഷ്യ മുന്നിലെത്തുന്നത്.

ഡി ഗിയക്ക് പകരം സ്‌പാനിഷ്‌ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ഉനെ സിമോൺ ഒരു ബാക്ക് പാസ് പിടിച്ചെടുക്കുന്നതിൽ വന്ന പിഴവാണ് ക്രൊയേഷ്യക്ക് ലീഡ് നൽകിയത്. പെഡ്രി മൈതാനമധ്യത്തു നിന്നും നൽകിയ ബാക്ക് പാസ് കൺട്രോൾ ചെയ്യാൻ ശ്രമിച്ചതിൽ സിമോൺ പരാജയപ്പെട്ടപ്പോൾ താരത്തിന്റെ കാലിൽ തട്ടി അത് വലക്കുള്ളിലേക്ക് കയറുകയായിരുന്നു. ലീഡ് നേടിയതിന്റെ ആത്മവിശ്വാസത്തോടെ പിന്നീട് പന്തു തട്ടിയ ക്രൊയേഷ്യ കുറച്ചു നേരം സ്‌പാനിഷ്‌ ഗോൾമുഖത്ത് ഭീഷണിയുയർത്തിയിരുന്നു.

എന്നാൽ ക്രൊയേഷ്യയുടെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. പതിയ കളിയുടെ നിയന്ത്രണം വീണ്ടെടുത്ത സ്പെയിൻ മുപ്പത്തിയെട്ടാം മിനുട്ടിൽ തന്നെ ഒപ്പമെത്തി. ക്രൊയേഷ്യൻ ബോക്‌സിനുള്ളിൽ നടന്ന നീക്കങ്ങൾക്കു ശേഷം ലൂയിസ് ഗയയുതിർത്ത ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടപ്പോൾ റീബൗണ്ടിലൂടെ സാറാബിയ അത് വലയിലാക്കുകയായിരുന്നു. ടൂർണമെന്റിൽ പിഎസ്‌ജി താരം നേടിയ രണ്ടാം ഗോളിനു ശേഷം ആദ്യപകുതിക്ക് മുൻപ് സ്പെയിനിനെ മുന്നിലെത്തിക്കാൻ മൊറാട്ടക്ക് അവസരമുണ്ടായിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല.

ആദ്യപകുതിയുടെ തുടക്കം പോലെത്തന്നെ രണ്ടാം പകുതിയിലും സ്പെയിനിന്റെ ആധിപത്യമാണ് കണ്ടത്. നിരന്തരം മുന്നേറ്റങ്ങൾ നടത്തിയ സ്‌പാനിഷ്‌ ടീം അൻപത്തിയേഴാം മിനുട്ടിൽ തന്നെ മുന്നിലെത്തുകയും ചെയ്‌തു. ഫെറൻ ടോറസിന്റെ ക്രോസിൽ നിന്നും ക്ളോസ് റേഞ്ച് ഹെഡറിൽ ആസ്പ്ലികുയറ്റയാണ് സ്പെയിനിന്റെ രണ്ടാം ഗോൾ നേടിയത്. അതിനു ശേഷം പിൻവലിഞ്ഞു കളിച്ച സ്പെയിനെതിരെ ക്രൊയേഷ്യ വളരെ പെട്ടന്നു തന്നെ രണ്ടു തവണ ഗോളിനടുത്തെത്തിയെങ്കിലും ആദ്യപകുതിയിൽ വില്ലനായ സിമോൺ രണ്ടു തവണയും സ്പെയിനിന്റെ രക്ഷകനായി.

ക്രൊയേഷ്യ കളിയിൽ തിരിച്ചുവരവിനു ശ്രമിക്കുന്നതിനിടെയാണ് സ്പെയിനിന്റെ മൂന്നാം ഗോൾ പിറക്കുന്നത്. പൗ ടോറസ് സ്വന്തം ഹാഫിൽ നിന്നുമെടുത്ത ഫ്രീ കിക്ക് വിങ്ങിൽ നിന്നും സ്വീകരിച്ചതിനു ശേഷം ഫെറൻ ടോറസ് നടത്തിയ ഒറ്റയാൾ നീക്കത്തിലാണ് ഗോൾ പിറന്നത്. സ്പെയിൻ മൂന്നാം ഗോൾ കുറിച്ചതോടെ വിജയസാധ്യത മങ്ങിയെങ്കിലും നിരാശരാവാതെ കളിച്ച ക്രൊയേഷ്യയുടെ തിരിച്ചുവരവാണ് പിന്നീടു കണ്ടത്. എൺപത്തിയഞ്ചാം മിനുട്ടിൽ ഓർസിച്ചിലൂടെ ഒരു ഗോൾ മടക്കിയതിനു ശേഷം അവസാന മിനിറ്റുകളിൽ ആർത്തലച്ച ക്രൊയേഷ്യൻ ടീം ഇഞ്ചുറി ടൈമിൽ പാസാലിച്ചിന്റെ ഹെഡറിലൂടെ ഒരു ഗോൾ കൂടി കണ്ടെത്തിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.

എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തിൽ ക്രൊയേഷ്യ നടത്തിയ ആക്രമണങ്ങൾ സ്പെയിൻ ഗോൾമുഖത്ത് ഒന്ന് രണ്ടു തവണ ഭീഷണിയുയർത്തിയെങ്കിലും ഒരിക്കൽ കൂടി സിമോൺ ടീമിന്റെ രക്ഷകനായി. അതിനു ശേഷം കളിയുടെ നിയന്ത്രണം കൈക്കലാക്കിയ സ്പെയിൻ മൂന്നു മിനുറ്റിനിടെ രണ്ടു ഗോളുകൾ നേടി മത്സരത്തിലേക്ക് വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. ഡാനി ഓൾമോയുടെ മനോഹരമായ ക്രോസുകൾ ബോക്സിനുള്ളിൽ മൊറാട്ടയെയും ഒയാർസാബാളിനെയും കണ്ടെത്തിയപ്പോൾ ഇരുതാരങ്ങളും പിഴവൊന്നും കൂടാതെ ക്രൊയേഷ്യൻ ഗോൾകീപ്പറെ മറികടക്കുകയായിരുന്നു.

രണ്ടു ഗോൾ കൂടി സ്പെയിൻ കണ്ടെത്തിയതോടെ തളർന്നു പോയ ക്രൊയേഷ്യൻ നിര പിന്നീട് തിരിച്ചുവരവിന്റെ യാതൊരു ലക്ഷണവും കാണിച്ചില്ല. അതേസമയം അവസാന മിനിറ്റുകളിൽ സ്പെയിനിനു ലീഡുയർത്താൻ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അതു മുതലെടുക്കാൻ ടീമിനാകാതെ വന്നതോടെ മത്സരം 5-3 എന്ന നിലയിൽ തന്നെ അവസാനിക്കുകയായിരുന്നു.

facebooktwitterreddit