Football in Malayalam

നിരാശപ്പെടുത്തി മുന്നേറ്റനിര, യൂറോയിലെ രണ്ടാം മത്സരത്തിലും വിജയം കണ്ടെത്താനാവാതെ സ്പെയിൻ

Sreejith N
Spain v Poland - UEFA Euro 2020: Group E
Spain v Poland - UEFA Euro 2020: Group E / Marcelo Del Pozo - Pool/Getty Images
facebooktwitterreddit

യൂറോ കപ്പിലെ രണ്ടാം മത്സരത്തിലും വിജയം നേടാനാകാതെ സ്പെയിൻ. ആദ്യ മത്സരത്തിൽ സ്വീഡനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സ്പെയിനും പോളണ്ടും തമ്മിൽ ഇന്നു നടന്ന മത്സരം ഓരോ ഗോളുകൾ പിറന്ന് സമനിലയിലവസാനിച്ചു. നിരവധി മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും മുന്നേറ്റനിര ഗോളുകൾ കണ്ടെത്തുന്നതിൽ വരുത്തുന്ന പിഴവാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും സ്പെയിനിനു വിജയം നിഷേധിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാൾ ടീമിലുള്ളത് പോളണ്ടിനെ സഹായിക്കുകയും ചെയ്‌തു.

പതിവു പോലെത്തന്നെ പാസുകൾ കൊണ്ട് കളം ഭരിച്ചു സ്പെയിൻ മുന്നേറിയപ്പോൾ പ്രത്യാക്രമണങ്ങളിലൂടെയാണ് പോളണ്ട് ഗോളവസരങ്ങൾ സൃഷ്ടിച്ചിരുന്നത്. ക്രിയാത്മകമായ പ്രകടനം ആദ്യഘട്ടത്തിൽ കാഴ്‌ച വെക്കാൻ സ്പെയിൻ പരാജയപ്പെട്ടപ്പോൾ പോളണ്ട് മുന്നേറ്റങ്ങൾ സ്പെയിൻ ബോക്‌സിൽ ഒന്നുരണ്ടു തവണ ഭീഷണിയുയർത്തുകയും ചെയ്‌തു. അതിനിടയിലാണ് സ്പെയിൻ ആരാധകർ കാത്തിരുന്ന ഗോൾ മൊറാട്ട നേടുന്നത്. ജെറാർഡ് മൊറേനോയുടെ ഷോട്ടിനു കാൽ വെച്ച് മൊറാട്ട നേടിയ ഗോൾ ലൈൻ റഫറി ഓഫ്‌സൈഡ് വിധിച്ചെങ്കിലും പിന്നീട് വീഡിയോ റഫറി തീരുമാനം മാറ്റുകയായിരുന്നു.

ഗോൾ നേടിയതിനു ശേഷം സ്പെയിനിന്റെ കളി കുറച്ചുകൂടി മികവുള്ളതായി. ജെറാർഡ് മൊറേനോയുടെ ഒരു ഫ്രീ കിക്കും ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപുള്ള ഷോട്ടും പോസ്റ്റിന്റെ തൊട്ടരികിലൂടെയായാണ് കടന്നു പോയത്. ഇതിനിടയിൽ പോളണ്ടും ഗോളിനരികിൽ എത്തിയിരുന്നു. എന്നാൽ സ്വിഡേർസ്‌കിയുടെ ഷോട്ട് പോസ്റ്റിലടിച്ചു തെറിച്ചതു പിടിച്ചെടുത്ത് ലെവൻഡോസ്‌കിയുതിർത്ത വോളീ ഷോട്ട് രക്ഷപ്പെടുത്തിയ ഗോൾകീപ്പർ ഉനെ സിമോൺ സ്പെയിനിന്‌ ആദ്യപകുതി ലീഡോടെയാവസാനിപ്പിക്കാൻ സഹായിച്ചു.

സ്പെയിനിനു തിരിച്ചടികളുടേതായിരുന്നു രണ്ടാം പകുതി. അൻപത്തിയഞ്ചാം മിനുട്ടിൽ ജോസ്വിയാക്കിന്റെ ക്രോസിൽ നിന്നും മനോഹരമായൊരു ഹെഡറിലൂടെ ലെവൻഡോസ്‌കി പോളണ്ടിനെ ഒപ്പമെത്തിച്ചു. ഇതിനു പിന്നാലെ നടത്തിയ മുന്നേറ്റത്തിൽ ജെറാർഡ് മൊറേനോയെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വഴി മുന്നിലെത്താൻ സ്പെയിനിന്‌ അവസരമുണ്ടായിരുന്നെങ്കിലും അത് അവിശ്വസനീയമായ രീതിയിലാണ് കളിക്കാർ നഷ്ടപ്പെടുത്തിയത്. ജെറാർഡ് മൊറേനോയുടെ കിക്ക് പോസ്റ്റിലിടിച്ച് വന്നത് വലയിലാക്കാൻ മൊറാട്ടക്ക് അവസരമുണ്ടായിരുന്നെങ്കിലും താരവും അത് പുറത്തേക്കടിച്ചു കളഞ്ഞു.

വിജയത്തിനു വേണ്ടി ആക്രമണം കനപ്പിച്ച സ്പെയിൻ രണ്ടാം പകുതിയിൽ ആധിപത്യം പുലത്തുകയും കൂടുതൽ മുന്നേറ്റങ്ങൾ നടത്തി പലപ്പോഴും ഗോളിനടുത്തുകയും ചെയ്‌തെങ്കിലും മുന്നേറ്റനിരക്ക് അതു മുതലാക്കാനായില്ല. ഗോളി മാത്രം മുന്നിൽ നിൽക്കെയാണ് മൊറാട്ട ഒരു സുവർണാവസരം തുലച്ച് ആരാധകർക്കു നിരാശ സമ്മാനിച്ചത്. ഒരു മികച്ച സ്‌ട്രൈക്കർ ടീമിലില്ലാത്തതിന്റെ കുറവ് സ്പെയിനിന്റെ കളിയിൽ പ്രകടമായിരുന്നു.

രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് സ്പെയിൻ. സ്ലോവാക്യക്കെതിരെ നടക്കാനിരിക്കുന്ന അവസാന മത്സരത്തിൽ വിജയം നേടാനായില്ലെങ്കിൽ നോക്ക്ഔട്ടിലേക്കുള്ള സ്പെയിനിന്റെ പ്രവേശനം പരുങ്ങലിലാകും. ആദ്യ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞ പോളണ്ടാണ് ഗ്രൂപ്പിൽ ഒന്നാമത്.

facebooktwitterreddit