Top Stories

ഇംഗ്ലണ്ടിന്റെ ഞെട്ടിക്കുന്ന തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരിശീലകൻ സൗത്ത്‌ഗേറ്റ്

Sreejith N
Gareth Southgate Takes Responsibility Of England Defeat
Gareth Southgate Takes Responsibility Of England Defeat / Chris Brunskill/Fantasista/GettyImages
facebooktwitterreddit

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹംഗറിയോട് ഇംഗ്ലണ്ട് കനത്ത തോൽവിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരിശീലകൻ ഗാരെത് സൗത്ത്‌ഗേറ്റ്.
ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി യുവതാരങ്ങൾ നിറഞ്ഞ ഒരു ടീമിനെ ഇറക്കിയത് മത്സരം പിന്നിട്ടപ്പോൾ വിജയം കണ്ടില്ലെന്ന് സൗത്ത്‌ഗേറ്റ് പറഞ്ഞു.

എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്നലെ ഹംഗറിയോട് ഇംഗ്ലണ്ട് തോൽവി നേരിട്ടത്. റോളണ്ട് സല്ലയ് ഇരട്ടഗോളുകൾ നേടിയപ്പോൾ സോൾട്ട് നാഗി, ഡാനിയേൽ ഗാസ്‌ഡാഗ് എന്നിവരാണ് ടീമിന്റെ മറ്റു ഗോളുകൾ നേടിയത്. പത്തു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഹംഗറിയോട് കീഴടങ്ങുന്നതെന്ന പ്രത്യേകത കൂടി സ്വന്തം മൈതാനത്തു വഴങ്ങിയ തോൽവിക്കുണ്ടായിരുന്നു.

"ഊർജ്ജമുള്ള ഒരു യുവനിരയെയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. എന്നാൽ മത്സരം തുടങ്ങിയതോടെ അതിന്റെ പോരായ്‌മകൾ കൃത്യമായി തെളിഞ്ഞു വന്നു. അതെന്റെ ഉത്തരവാദിത്വം തന്നെയാണ്. ഹാഫ് ടൈമിൽ മത്സരം തിരിച്ചു പിടിക്കുന്നതിനായി ഏതാനും മാറ്റങ്ങൾ വരുത്തിയത് ആക്രമണത്തിനു കരുത്തു പകർന്നുവെങ്കിലും അത് ഞങ്ങളെ തുറന്നിട്ടു. ആക്രമണനിരയെ അഴിച്ചു വിട്ടാൽ ടീമിനെ കൂടുതൽ തുറന്നു കാണിക്കും."

"ഈ നാല് മത്സരങ്ങളിലും ഉണ്ടായതെല്ലാം എന്റെ ഉത്തരവാദിത്വം തന്നെയാണെന്ന് ഞാൻ താരങ്ങളോട് പറഞ്ഞു. പുതിയ താരങ്ങളെ നോക്കി സന്തുലിതാവസ്ഥ കൊണ്ടു വരാൻ ഞാൻ ശ്രമിച്ചു, കളിക്കാർക്ക് വിശ്രമം നൽകി. പരിചയസമ്പത്തുള്ള, മികച്ച താരങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ കഴിയില്ല. അതിനുമപ്പുറം ഹംഗറിക്കെതിരായ രണ്ടു മത്സരങ്ങളിലും മികച്ചൊരു ഫലം ലഭിക്കാനുള്ള ടീമിനെയല്ല ഞാൻ ഇറക്കിയത്." സൗത്ത്‌ഗേറ്റ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഹംഗറിക്കെതിരായ തോൽവി സ്വന്തം നാട്ടിൽ 94 വർഷത്തിനിടെ ഇംഗ്ലണ്ട് വഴങ്ങിയ ഏറ്റവും വലിയ തോൽവിയാണു. നേഷൻസ് ലീഗിലെ കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയം നേടാനാവാത്ത ടീം 2014നു ശേഷമുള്ള ഏറ്റവും മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. നിലവിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഇംഗ്ലണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit