ഇംഗ്ലണ്ട് ടീമിലിടം നേടാൻ കഴിയാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് മുന്നറിയിപ്പു നൽകി ഗാരെത് സൗത്ത്‌ഗേറ്റ്
By Sreejith N

യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടാൻ കഴിയാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് മുന്നറിയിപ്പു നൽകി പരിശീലകൻ ഗാരെത് സൗത്ത്‌ഗേറ്റ്. നിലവിലെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കപ്പെടുകയും മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടാതിരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ലോകകപ്പ് ടീമിലിടം നേടാൻ ഈ താരങ്ങൾ ഒരുപാട് അധ്വാനിക്കേണ്ടി വരുമെന്നാണ് സൗത്ത്ഗേറ്റ് പറയുന്നത്.
നിലവിലെ ഇംഗ്ലണ്ട് സ്‌ക്വാഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ആകെ ഇടം പിടിച്ചിരിക്കുന്നത് പ്രതിരോധതാരം ഹാരി മാഗ്വയർ മാത്രമാണ്. ലൂക്ക് ഷാ, മാർക്കസ് റാഷ്‌ഫോഡ്, ജാഡൻ സാഞ്ചോ എന്നീ താരങ്ങൾ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഷാക്ക് പരിക്കു തിരിച്ചടി നൽകിയപ്പോൾ മറ്റു രണ്ടു താരങ്ങളും സീസണിൽ മോശം ഫോമിലായിരുന്നു.
A clear message from Gareth Southgate for the Manchester United players 👀 pic.twitter.com/qQz0Nek5oj
— DAZN Football (@DAZNFootball) June 13, 2022
ഹംഗറിക്കെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിനു മുന്നോടിയായാണ് തന്റെ ടീമിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ കുറിച്ച് സൗത്ത്‌ഗേറ്റ് സംസാരിച്ചത്. "ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാത്രമേ ഞങ്ങൾക്കൊപ്പമുള്ളൂ. സ്‌ക്വാഡിലേക്ക് തിരിച്ചു വരാൻ അവരൊരുപാട് കാര്യങ്ങൾ ചെയ്യേണ്ടി വരും."
ഈ സീസണിൽ ഇരുപത്തിയഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ച മാർക്കസ് റാഷ്‌ഫോഡ് നാല് ഗോളും രണ്ട് അസിസ്റ്റും മാത്രമാണ് നേടിയിരിക്കുന്നത്. അതേസമയം വമ്പൻ തുകക്ക് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും സ്വന്തമാക്കിയ സാഞ്ചോ 29 മത്സരങ്ങൾ കളിച്ച് മൂന്നു ഗോളും മൂന്ന് അസിസ്റ്റും നേടി.
അതേസമയം പുതിയ പരിശീലകനായ എറിക് ടെൻ ഹാഗിന് കീഴിൽ തിരിച്ചു വരാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഈ രണ്ടു താരങ്ങളും. നവംബറിൽ ലോകകപ്പ് ആരംഭിക്കാനിരിക്കെ അതിനു മുൻപ് ക്ലബിനൊപ്പം കഴിവ് തെളിയിച്ച് സൗത്ത്‌ഗേറ്റിന്റെ പരിഗണന നേടാമെന്ന് ഇരുവരും കരുതുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.