ജർമനിക്കെതിരെ സമനില നേടിയതിലൂടെ ഇംഗ്ലണ്ട് ടോപ് ടീമാണെന്നു തെളിയിച്ചുവെന്ന് ഗാരെത് സൗത്ത്ഗേറ്റ്


യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ജർമനിക്കെതിരെ പിന്നിൽ നിന്നതിനു ശേഷം സമനില നേടിയെടുത്തതിലൂടെ ഇംഗ്ലണ്ട് ഒരു ടോപ് ടീമാണെന്നു തെളിയിച്ചുവെന്ന് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗാരെത് സൗത്ത്ഗേറ്റ്.
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം അൻപതാം മിനുട്ടിൽ ജോനാസ് ഹോഫ്മാനിലൂടെയാണ് ജർമനി മുന്നിലെത്തിയത്. അതിനു ശേഷം എഴുപത്തിരണ്ടാം മിനുട്ടിൽ ജാക്ക് ഗ്രീലീഷിനെ പകരക്കാരനായി ഇറക്കിയതിനു ശേഷം ഇംഗ്ലണ്ടിന്റെ കളിയിൽ മാറ്റം വരികയും 88ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഹാരി കേൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിക്കുകയുമായിരുന്നു.
Gareth Southgate says England showed they are ‘top team’ in Germany draw https://t.co/PuHxyDCHYr
— Guardian sport (@guardian_sport) June 7, 2022
"വെംബ്ലിയിൽ ഏതാനും മികച്ച ഫലങ്ങൾ ലഭിച്ച ഞങ്ങൾക്ക് എതിരാളികളുടെ മൈതാനത്തു വന്ന് നല്ലൊരു റിസൾട്ട് ഉണ്ടാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. നിരാശപ്പെടുത്തുന്ന ഒരു ഫലത്തിൽ നിന്നും തിരിച്ചു വന്നതിൽ സന്തോഷമുണ്ട്. തിരിച്ചു വരുന്ന ഒരു ടീം ഒരിക്കലും രണ്ടു മത്സരങ്ങൾ തോൽക്കില്ലെന്നു പറഞ്ഞതിനോട് കളിക്കാർ ശരിയായ രീതിയിലാണ് പ്രതികരിച്ചത്." സൗത്ത്ഗേറ്റ് പറഞ്ഞു.
മത്സരത്തിൽ സമനില ഗോൾ കുറിച്ച് ഇംഗ്ലണ്ടിനായി അമ്പതു ഗോളുകൾ തികച്ച ഹാരി കേനിനെ അഭിനന്ദിച്ച സൗത്ത്ഗേറ്റ് പകരക്കാരനായിറങ്ങി മികച്ച പ്രകടനം നടത്തിയ ജാക്ക് ഗ്രീലിഷിനെയും പ്രശംസിച്ചു. ടീമിന്റെ തന്ത്രപരമായ സമീപനത്തെ മനസിലാക്കി കളിക്കാൻ സാധിച്ചാൽ ഗ്രീലിഷിന് പ്രധാനതാരമായി മാറാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
അതേസമയം രണ്ടു ടീമുകൾക്കും നേഷൻസ് ലീഗിൽ ആദ്യത്തെ വിജയം സ്വന്തമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നത് നിരാശ തന്നെയാണ്. ഇംഗ്ലണ്ട് ആദ്യത്തെ മത്സരത്തിൽ ഹംഗറിയോട് തോറ്റപ്പോൾ ജർമനി ഇറ്റലിയോട് സമനിലയിൽ പിരിഞ്ഞു. ഇന്നലെ ഹംഗറിക്കെതിരെ വിജയം നേടിയ ഇറ്റലിയാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.