സാഞ്ചോയെയും റാഷ്ഫോഡിനെയും ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി സൗത്ത്ഗേറ്റ്


മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിര താരങ്ങളായ ജാഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവരെ ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്നും തഴഞ്ഞതിന്റെ കാരണം വ്യക്തമാക്കി പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്. സ്വിറ്റ്സർലൻഡ്, ഐവറി കോസ്റ്റ് എന്നിവർക്കെതിരെയുള്ള മത്സരങ്ങൾക്കുള്ള ഇരുപത്തിയഞ്ചംഗ സ്ക്വാഡിൽ നിന്നാണ് ഈ താരങ്ങളെ സൗത്ത്ഗേറ്റ് ഒഴിവാക്കിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ രണ്ടു താരങ്ങൾക്കു പുറമെ മാഞ്ചസ്റ്റർ സിറ്റി ഫുൾ ബാക്കായ കെയ്ൽ വാക്കറും ടീമിൽ ഇടം പിടിച്ചിട്ടില്ല. അതേസമയം U21 ടീം നായകനായ മാർക്ക് ഗുയെഹിക്ക് ആദ്യമായി സീനിയർ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ടു ഗോളും മൂന്നു അസിസ്റ്റും സ്വന്തമാക്കിയ സാഞ്ചോയെ തഴഞ്ഞതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സൗത്ത്ഗേറ്റ് മറുപടി നൽകിയത്.
Why Jadon Sancho and Marcus Rashford aren't in the England squad, and why Harry Maguire is #mufc https://t.co/DR9K3kDymG
— Tyrone Marshall (@TyMarshall_MEN) March 17, 2022
"ഞങ്ങളുടെ അഭിപ്രായത്തിൽ താരത്തെക്കാൾ മികച്ച മുന്നേറ്റനിര താരങ്ങൾ സ്ക്വാഡിലുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജാഡന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ താരം കളിക്കുന്ന ഏരിയയിൽ സ്ഥാനത്തിനായി വളരെയധികം മത്സരം നടക്കുന്നു." സാഞ്ചോയെ കുറിച്ചുള്ള ചോദ്യത്തിന് സൗത്ത്ഗേറ്റ് മറുപടി നൽകി. റാഷ്ഫോഡിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
"മാർക്കസിനെ സംബന്ധിച്ച് മറ്റുള്ളവരെയെല്ലാം പോലെയുള്ള ഒരു അവസ്ഥയിൽ തന്നെയാണ് താരമുള്ളത്. സ്ക്വാഡിലുണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത സമയത്ത് അവർ മികച്ച പ്രകടനം നടത്തണം. താരത്തെ സംബന്ധിച്ച് ഇതു നല്ല സമയമല്ല, ഏറ്റവും മികച്ച ഫോമിലും അല്ല. ഇനിയും ഒരുപാട് സമയമുണ്ട്. ഞങ്ങൾക്ക് മാർക്കസിനെ അറിയാം, താരത്തിന് എന്താണു ടീമിനു നൽകാൻ കഴിയുകയെന്നും അറിയാം." അദ്ദേഹം വ്യക്തമാക്കി.
മാർച്ച് ഇരുപത്തിയാറിനു സ്വിറ്റസർലണ്ടിനെ നേരിടുന്ന ഇംഗ്ലണ്ട് അതിനു ശേഷം ഇരുപത്തിയൊൻപതിന് ഐവറി കോസ്റ്റിനെയും നേരിടും. രണ്ടു മത്സരങ്ങളും വെംബ്ലിയിൽ വെച്ചാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.