ന്യൂകാസിലിനു പിന്നാലെ പ്രീമിയർ ലീഗ് ക്ലബായ സൗത്താംപ്ടണും പുതിയ ഉടമകൾ
By Sreejith N

ന്യൂകാസിൽ യുണൈറ്റഡിനെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബെന്ന ഖ്യാതി അവർ സ്വന്തമാക്കിയതിനു പിന്നാലെ മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ സൗത്താംപ്ടണു കൂടി പുതിയ ഉടമകൾ. സെർബിയൻ മീഡിയ ടൈക്കൂണായ ഡ്രാഗൺ സൊളാക്കാണ് സൗത്താംപ്ടണിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.
ചൈനീസ് ബിസിനസ്സ്മാനായ ഗവോ ജിഷെങിൽ നിന്നും എൺപതു ശതമാനം ഓഹരികളാണ് സോളാക്കിന്റെ കീഴിലുള്ള സ്‌പോർട് റിപ്പബ്ലിക്ക് ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത്. നൂറു മില്യൺ പൗണ്ടാണ് ഇതിനായി അവർ മുടക്കിയത്. ബാക്കി ഇരുപതു ശതമാനം ഓഹരികൾ കാതറീന ലീഭേറുടെ കയ്യിലാണുള്ളത്.
Serbian-born businessman Dragan Solak has struck a deal to buy Southampton for £100m.
— Sky Sports News (@SkySportsNews) January 4, 2022
സൗത്ത് ഈസ്റ്റ് യൂറോപ്പിലെ നിരവധി ടെലികമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുകളും മാസ്സ് മീഡിയ ഔട്ട്ലെറ്റുകളും സോളാക്കിന്റെ യുണൈറ്റഡ് ഗ്രൂപ്പിനു കീഴിലാണുള്ളത്. സോളാക്കിനു പുറമെ ലണ്ടൻ അടിസ്ഥാനമാക്കിയുള്ള ഇൻവെസ്റ്ററായ ഹെൻറിക്ക് ക്രാഫ്റ്റ്, ബ്രെന്റഫോഡിന്റെ മുൻ ഉടമയായ റാംസസ് അങ്കേഴ്‌സൺ എന്നിവർക്കും പുതിയ ഉടമസ്ഥതയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏതാനും മാസങ്ങളായി സൗത്താംപ്ടൻ പുതിയ ഉടമകളെ തേടുകയായിരുന്നു. മുൻ ഉടമയായ ഗാവോ ക്ലബിൽ പണം ഇറക്കാൻ മടിക്കുന്നതിനാൽ ആരാധകരുടെ രോഷവും ഉണ്ടായിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളെപ്പോലെ ലോകത്തിന്റെ പല ഭാഗത്തുമുള്ള വിവിധ ഫുട്ബോൾ ക്ലബുകളെ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന സ്‌പോർട് റിപ്പബ്ലിക്ക് ഗ്രൂപ്പിനു കീഴിൽ സൗത്താംപ്ടൺ ഉയർച്ച നേടുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
പ്രീമിയർ ലീഗിൽ നിലവിൽ പതിനാലാം സ്ഥാനത്താണ് സൗത്താംപ്ടൺ നിൽക്കുന്നത്. തരം താഴ്ത്തൽ മേഖലക്ക് വെറും പത്തു പോയിന്റ് മാത്രം പിന്നിലുള്ള ടീം കഴിഞ്ഞ എട്ടു മത്സരത്തിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയം കണ്ടിരിക്കുന്നത്. ജനുവരിയിൽ പുതിയ താരങ്ങളെ സ്വന്തമാക്കി ടീം കൂടുതൽ കരുത്തു നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.