Football in Malayalam

യൂറോപ്യൻ ക്ലബുകൾ മുഖം തിരിച്ചു, അർജന്റീന-ബ്രസീൽ മത്സരമടക്കം ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റി വെച്ചു

Sreejith N
Brazil v Argentina: Semi Final - Copa America Brazil 2019
Brazil v Argentina: Semi Final - Copa America Brazil 2019 / Chris Brunskill/Fantasista/Getty Images
facebooktwitterreddit

വമ്പൻ പോരാട്ടങ്ങൾ കാത്തിരുന്ന ആരാധകരെ നിരാശരാക്കി ഈ മാസാവസാനം നടക്കാനിരുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മുഴുവനും മാറ്റി വെക്കാൻ തീരുമാനമായി. ഇന്നലെ ഫിഫ പ്രതിനിധികളുമായി സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ CONMEBOL നടത്തിയ ചർച്ചയിലുണ്ടായ തീരുമാനം ഫെഡറേഷൻ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

യൂറോപ്യൻ ക്ലബുകൾ ഇന്റർനാഷണൽ മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുകൊടുക്കാൻ വിമുഖത കാണിച്ചതിനെ തുടർന്നാണ് മത്സരം മാറ്റി വെക്കാൻ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ നിർബന്ധിതരായത്. കോവിഡ് വ്യാപനം മൂലം പല രാജ്യങ്ങളിലേക്കും യാത്രാ നിയന്ത്രണമുള്ളതു കൊണ്ട് മത്സരങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന താരങ്ങളെ ഉടനെ ലഭ്യമാവില്ലെന്നതു കൊണ്ടാണ് ക്ലബുകൾ ഇക്കാര്യത്തിൽ വിമുഖത കാണിക്കുന്നത്.

പല രാജ്യങ്ങളുടെയും കോവിഡ് പ്രോട്ടോകോൾ പ്രകാരം റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റൈനിൽ ഇരിക്കേണ്ടതുണ്ട്. ലീഗുകളിൽ കടുത്ത മത്സരം നടക്കുന്ന സീസണായതു കൊണ്ട് സൂപ്പർതാരങ്ങൾ കളിക്കാതിരിക്കുന്നത് ക്ലബുകളുടെ മുന്നോട്ടു പോക്കിനെ ബാധിക്കുമെന്നത് ചില പരിശീലകർ ചൂണ്ടിക്കാട്ടിയിരുന്നു.

അർജന്റീനയും യുറുഗ്വായും തമ്മിലുള്ള മത്സരവും അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരവും മാറ്റി വെച്ചതിൽ ഉൾപ്പെടുന്നു. ഇതുവരെയും മത്സരങ്ങളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇത് മൂന്നാം തവണയാണ് ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റി വെക്കപ്പെടുന്നത്.

facebooktwitterreddit