Football in Malayalam

2024 മുതൽ യുവേഫാ നാഷന്‍സ് ലീഗില്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ പങ്കെടുക്കും

Haroon Rasheed
Argentina and Brazil could feature in the UEFA Nations League from 2024 onwards
Argentina and Brazil could feature in the UEFA Nations League from 2024 onwards / MAURO PIMENTEL/GettyImages
facebooktwitterreddit

2024 മുതലുള്ള യുവേഫാ നാഷന്‍സ് ലീഗില്‍ കോൺമെബോളില്‍ നിന്നുള്ള പത്ത് ടീമുകള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ലാറ്റിമേരിക്കന്‍ രാജ്യങ്ങളുടെ ഫിഫ റാങ്കിങ് അനുസരിച്ച് ആദ്യ ആറ് സ്ഥാനക്കാർ ലീഗ് എയിലും, 7 മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ളവർ ലീഗ് ബിയിലുമായിട്ടാകും യുവേഫാ നാഷന്‍സ് ലീഗില്‍ പന്ത് തട്ടുക.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെങ്കിലും മത്സരങ്ങളെല്ലാം യൂറോപ്പിലായിരിക്കും നടക്കുക. യുവേഫാ നാഷന്‍സ് ലീഗിലേക്ക് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍കൂടി എത്തുന്നതോടെ ടൂര്‍ണമെന്റിന് മികച്ച ജനപിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇ.എസ്.പി.എന്‍ പ്രതിനിധി ഡെയിൽ ജോണ്‍സണാണ് 2024 മുതൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. യുവേഫയും കോൺമെബോളും അവർ തമ്മിലുള്ള ധാരണാപത്രം 2028 നീട്ടിയതോടെയാണ് ഇത്തരത്തിലൊരു വലിയ ടൂര്‍ണമെന്റിന് വഴിതെളിഞ്ഞത്.

നിലവില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, പോർച്ചുഗൽ, സ്പെയിൻ, ബെൽജിയം, നെതർലൻഡ്സ് തുടങ്ങിയ ടീമുകളെ ഉള്‍ക്കൊള്ളുന്ന ലീഗ് എയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ആറ് ലാറ്റിൻ അമേരിക്കൻ ടീമുകള്‍ പ്രവേശിക്കാനാണ് പദ്ധതി. നിലവിലെ റാങ്കിങ് പ്രകാരം, ബ്രസീൽ അർജന്റീന, കൊളംബിയ, ഉറുഗ്വായ്, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളാകും ലീഗ് എയിൽ ഉണ്ടാവുക. അതേ സമയം, പരാഗ്വ, ഇക്വഡോര്‍, വെനസ്വേല, ബൊളീവിയ തുടങ്ങിയ ടീമുകള്‍ ലീഗ് ബിയിലും ജോയിന്റ് ചെയ്യും.

നിലവിൽ ലീഗ് എയിൽ 16 ടീമുകളാണ് ഉള്ളത്. ആറ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ചേരുന്നതോടെ, ലീഗ് എയിൽ 22 ടീമുകളുണ്ടാവും. നിലവിൽ 16 ടീമുകളുള്ള ലീഗ് ബിയിൽ 20 ടീമുകളാണ് ഉണ്ടാവുക. അതേ സമയം, ലീഗ് സിയിലും ലീഗ് ഡിയിലും ടീമുകളുടെ എണ്ണം മാറ്റമില്ലാതെ തുടരും.

അതേ സമയം, യുവേഫയും ഫിഫയും തമ്മിലുള്ള ശീതയുദ്ധതിന്റെ പശ്ചാത്തലത്തിലാണ് ടുര്‍ണമെന്റ് വിപുലീകരണവുമായി യുവേഫ മുന്നോട്ട് പോകുന്നതെന്ന് ശ്രദ്ധേയമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit