Football in Malayalam

പ്രീമിയർ ലീഗിലെ ലാറ്റിനമേരിക്കൻ താരങ്ങൾക്കുള്ള ഫിഫയുടെ വിലക്കു നീക്കും, മത്സരങ്ങൾ നഷ്‌ടമാകില്ല

Sreejith N
Everton v Manchester City - Premier League
Everton v Manchester City - Premier League / Pool/Getty Images
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് താരങ്ങളെ വിട്ടു കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രീമിയർ ലീഗിൽ കളിക്കുന്ന ലാറ്റിനമേരിക്കൻ, മെക്‌സിക്കൻ താരങ്ങൾക്ക് ഫിഫ അഞ്ചു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയത് നീക്കിയേക്കും. താരങ്ങളെ വിലക്കിയ തീരുമാനത്തിനു ശേഷം ഫിഫയും ബ്രസീൽ, ചിലി, പാരഗ്വായ്, മെക്‌സിക്കോ എന്നീ ഫുട്ബോൾ അസോസിയേഷനും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു.

കോവിഡ് ഭീഷണി നിലനിൽക്കുന്ന രാജ്യങ്ങളിൽ വെച്ചു നടക്കുന്ന മത്സരങ്ങളിൽ താരങ്ങൾ പങ്കെടുത്താൽ അവരെ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ലഭ്യമാകുന്നതു വൈകാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രീമിയർ ലീഗ് ക്ലബുകൾ ലാറ്റിനമേരിക്കൻ താരങ്ങളെ വിട്ടു കൊടുക്കാതിരുന്നത് . ഇതേതുടർന്ന് ബ്രസീലാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. അവരുടെ എട്ടോളം പ്രധാന താരങ്ങൾക്ക് കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നഷ്‌ടമായി.

ഇതേത്തുടർന്ന് പ്രീമിയർ ലീഗ് ക്ലബുകളുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ ഈ രാജ്യങ്ങളുടെ ഫുട്ബോൾ ഫെഡറേഷനുകൾ ഫിഫക്ക് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച ഫിഫ പ്രീമിയർ ലീഗ് ക്ലബുകൾ രാജ്യാന്തര മത്സരങ്ങൾക്ക് വിട്ടു നൽകാതിരുന്ന താരങ്ങൾക്ക് സെപ്‌തംബർ 10 മുതൽ 14 വരെ വിലക്കും ഏർപ്പെടുത്തി. ഈ തീരുമാനമാണ് തുടർ ചർച്ചകൾക്കു ശേഷം ഇപ്പോൾ പിൻവലിക്കാൻ ഒരുങ്ങുന്നത്.

താരങ്ങളെ മത്സരത്തിന് ലഭ്യമാകുന്നത് മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്കാണ് കൂടുതൽ ആശ്വാസമാവുക. എഡേഴ്‌സൺ, ജീസസ്, അലിസൺ, ഫാബിന്യോ, ഫിർമിനോ എന്നിങ്ങനെ ഈ രണ്ടു ക്ലബുകളിൽ നിന്നുള്ള അഞ്ചു താരങ്ങളാണ് വിലക്കിന്റെ പരിധിയിൽ ഉണ്ടായിരുന്നത്. ഇതിനു പുറമെ ചെൽസിയുടെ തിയാഗോ സിൽവ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രെഡ്, ലീഡ്‌സിന്റെ റാഫിന്യ എന്നീ ബ്രസീലിയൻ താരങ്ങൾക്കെല്ലാം ഈ വീക്കെൻഡിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാനാവും.

സെപ്‌തംബർ 10 മുതൽ 14 വരെയാണ് വിലക്കെന്നതു കൊണ്ട് തിയാഗോ സിൽവ, ഫ്രെഡ് എന്നിവർക്ക് ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാകുന്ന സാഹചര്യവും ഇതോടെ നീങ്ങിയിട്ടുണ്ട്. ബ്രസീലിയൻ താരങ്ങൾക്കു പുറമെ ന്യൂകാസിലിന്റെ പാരഗ്വായ് താരം അൽമിറോൺ, വോൾവ്‌സിന്റെ മെക്‌സിക്കൻ സ്‌ട്രൈക്കർ ജിമിനസ്, വാട്ഫോഡിന്റെ ചിലി സ്‌ട്രൈക്കർ സിയറാൾട്ട എന്നിവർക്കും ഈയാഴ്ച കളിക്കാനാവും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit