പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റെക്കോർഡ് നേട്ടം കുറിച്ച് കേൻ-സോൺ സഖ്യം


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സഖ്യം തങ്ങളാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് ടോട്ടനം ഹോസ്പർ താരങ്ങളായ ഹാരി കേനും ഹ്യുങ് മിൻ സോണും. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടനത്തിന്റെ വിജയം ഉറപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഈ രണ്ടു താരങ്ങൾ പുതിയൊരു റെക്കോർഡ് കൂടിയാണ് ലീഗിൽ സ്വന്തമാക്കിയത്.
മത്സരം നാല് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ദേജൻ കുലുസേവ്സ്കി നേടിയ ഗോളിന് അസിസ്റ്റ് നൽകിയ ഹ്യുങ് മിൻ സോൺ അതിനു ശേഷം ഹാരി കേൻ നേടിയ ടീമിന്റെ രണ്ടാമത്തെ ഗോളിനും വഴിയൊരുക്കുകയുണ്ടായി. സോണിന്റെ അസിസ്റ്റിൽ കേൻ ടോട്ടനത്തിനായി വല കുലുക്കിയതോടെ ഇരുവരിലൊരാൾ അസിസ്റ്റ് ചെയ്ത് മറ്റേയാൾ നേടുന്ന മുപ്പത്തിയാറാമത്തെ ഗോളാണു പിറന്നത്.
Most prolific partnerships in Premier League history... ⚽
— The Athletic UK (@TheAthleticUK) February 19, 2022
3️⃣6️⃣
Harry Kane & Son Heung-min are now tied with Didier Drogba & Frank Lampard on Premier League goal combinations. pic.twitter.com/lKyiuGn5lx
പ്രീമിയർ ലീഗിൽ ഇതിനു മുൻപ് രണ്ടു താരങ്ങൾ മാത്രമേ ഇത്രയും തവണ ഗോളുകൾ നേടാൻ പരസ്പരം സഹായിച്ചിട്ടുള്ളൂ. ചെൽസി ഇതിഹാസങ്ങളായ ദിദിയർ ദ്രോഗ്ബയും ഫ്രാങ്ക് ലാംപാർഡുമാണ് ഈ നേട്ടം മുൻപ് സ്വന്തമാക്കിയിട്ടുള്ളത്. ഇനിയും ഒരുമിച്ച് നിരവധി മത്സരങ്ങൾ കളിക്കാനുള്ളതിനാൽ ഈ റെക്കോർഡ് കേൻ-സോൺ സഖ്യം തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കുലുസേവ്സ്കിയുടെ അസിസ്റ്റിൽ ഇഞ്ചുറി ടൈമിൽ ടീമിന്റെ വിജയഗോൾ കണ്ടെത്തി മത്സരത്തിൽ ഇരട്ടഗോൾ നേട്ടം സ്വന്തമാക്കിയ ഹാരി കേൻ പ്രീമിയർ ലീഗിലെ ഗോൾവരൾച്ചക്കു കൂടിയാണ് അവസാനം കുറിച്ചത്. അവസാനമായി കേൻ പ്രീമിയർ ലീഗിൽ ഗോൾ കണ്ടെത്തുന്നത് ലൈസ്റ്റർ സിറ്റിക്കെതിരെ കഴിഞ്ഞ മാസം നടന്ന മത്സരത്തിലായിരുന്നു. കേൻ ഗോളടിക്കാത്ത അവസാന മൂന്നു മത്സരങ്ങളിലും ടോട്ടനം തോൽവി വഴങ്ങുകയും ചെയ്തിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള സുദീർഘമായ ഗോൾവരൾച്ചക്കു കൂടിയാണ് മത്സരത്തിലൂടെ കേൻ അവസാനം കുറിച്ചത്. 2016നു ശേഷം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോൾ കണ്ടെത്താൻ ഇംഗ്ലണ്ട് താരത്തിനു കഴിഞ്ഞിട്ടില്ലായിരുന്നു. മത്സരത്തിൽ വിജയം നേടിയതോടെ സിറ്റിയുടെ കിരീടപ്രതീക്ഷകൾക്ക് ചെറിയ ഭീഷണി ഉയർന്നപ്പോൾ സ്പർസ് ടോപ് ഫോർ സാധ്യതകൾ സജീവമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.