Football in Malayalam

സെർജിയോ അഗ്യൂറോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിക്കാൻ സോൾഷെയറിനു നിർദ്ദേശം നൽകി മുൻ താരം

Sreejith N
Manchester City v FC Porto: Group C - UEFA Champions League
Manchester City v FC Porto: Group C - UEFA Champions League / Visionhaus/Getty Images
facebooktwitterreddit

അടുത്ത സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന സെർജിയോ അഗ്യൂറോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിക്കുന്ന കാര്യം സോൾഷെയർ പരിഗണിക്കണമെന്ന് ക്ലബിന്റെ മുൻ മധ്യനിര താരം പോൾ ഇൻസ്. മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണെങ്കിലും പരിക്കുകൾ മൂലം ഈ സീസണിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച അഗ്യൂറോക്ക് പുതിയ കരാർ നൽകുന്ന കാര്യത്തിൽ സിറ്റി നേതൃത്വം ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.

അതേസമയം അടുത്ത സീസണിൽ ഒരു മികച്ച സെന്റർ ഫോർവേഡിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ടോട്ടനം ഹോട്സ്പറിന്റെ ഹാരി കേൻ, ബൊറൂസിയ ഡോർട്മുണ്ടിന്റെ എർലിങ് ബ്രൂട് ഹാലൻഡ് എന്നിവർ റെഡ് ഡെവിൾസിന്റെ പട്ടികയിലുണ്ടെങ്കിലും അഗ്യൂറോയെയും അതിനൊപ്പം പരിഗണിക്കണമെന്നാണ് ഇൻസ് പറയുന്നത്.

"മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹാരി കേനും എർലിങ് ബ്രൂട് ഹാലൻഡും മാത്രമാണ് രണ്ട് ഉത്തരങ്ങൾ എന്നെനിക്ക് തോന്നുന്നില്ല. സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിട്ടു പോകാനുള്ള സാധ്യതയുണ്ട്. എന്തുകൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിനായി ഒരു ശ്രമം നടത്താത്തത്?" മുൻ റെഡ് ഡെവിൾസ് മധ്യനിര താരം ലാഡ്‌ബ്രോക്‌സിനോട് പറഞ്ഞു.

"നിങ്ങൾക്കതിപ്പോൾ കാണാൻ കഴിയും. അഗ്യൂറോക്ക് പ്രീമിയർ ലീഗിൽ തുടരാനും മാഞ്ചസ്റ്ററിൽ തന്നെ നിൽക്കാനും താല്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിന് വേണ്ടി എല്ലാ രീതിയിലും ശ്രമിച്ച്‌, താരത്തെ സ്വന്തമാക്കുന്നത് ഒരു മോശം കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല," ഇൻസ് അഭിപ്രായപ്പെട്ടു.

2011ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും സിറ്റിയിലെത്തിയതിനു ശേഷം പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി മാറിയ അഗ്യൂറോ സിറ്റിയെ പ്രീമിയർ ലീഗിലെ ശക്തി കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. അതേസമയം കരാർ അവസാനിക്കാനിരിക്കെ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണയും ശ്രമം നടത്തുന്നുണ്ട്.

facebooktwitterreddit