Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് ശൈലീ മാറ്റത്തിനൊരുങ്ങുന്നു, താരങ്ങൾക്ക് നിർദ്ദേശം നൽകി സോൾഷെയർ

Sreejith N
Manchester United FC Training Session and Press Conference - UEFA Europa League Final 2021
Manchester United FC Training Session and Press Conference - UEFA Europa League Final 2021 / Maja Hitij/Getty Images
facebooktwitterreddit

അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ ശൈലി മാറ്റുമെന്നു താരങ്ങളെ പരിശീലകനായ സോൾഷെയർ അറിയിച്ചതായി റിപ്പോർട്ടുകൾ. 2013ൽ അലക്‌സ് ഫെർഗൂസൻ വിരമിച്ചതിനു ശേഷമുള്ള ക്ലബിന്റെ ഏറ്റവും മികച്ച പ്രകടനം കഴിഞ്ഞ സീസണിൽ നടത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്കു പിന്നിൽ രണ്ടാമതായിപ്പോയ യുണൈറ്റഡ് അടുത്ത സീസണിൽ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനം നേടിയെങ്കിലും പ്രീമിയർ ലീഗിലെ പ്രധാനപ്പെട്ട ടീമുകൾക്ക് എതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇവർക്കെതിരെ പത്ത് മത്സരങ്ങളിൽ നിന്നും പതിനൊന്നു പോയിന്റ് മാത്രം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വെറും എട്ടു ഗോളുകളേ അടിക്കാൻ കഴിഞ്ഞുള്ളൂ.

സെൻട്രൽ മിഡ്‌ഫീൽഡിൽ സ്‌കോട്ട് മക്‌ടോമിനായ്, ഫ്രെഡ് എന്നിവരെ കളിപ്പിച്ചിരുന്നതു കൊണ്ടു തന്നെ അറ്റാക്കിങ്ങിൽ ഒരു താരത്തിന്റെ സാന്നിധ്യം സോൾഷെയറിനു നഷ്‌ടമായിരുന്നു. എന്നാൽ അടുത്ത സീസണിൽ കൂടുതൽ ആക്രമണത്തിലൂന്നിയ 4-3-3 എന്ന ശൈലിയിലേക്ക് ടീം മാറുമെന്ന് നോർവീജിയൻ പരിശീലകൻ പ്രീ സീസൺ ട്രെയിനിങ്ങിനെത്തിയ താരങ്ങളെ അറിയിച്ചുവെന്നാണ് ഇഎസ്‌പിഎൻ വ്യക്തമാക്കുന്നത്.

റാഫേൽ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നതാണ് പുതിയ ശൈലിയിൽ നിർണായകമാകുന്നത്. ഹാരി മാഗ്വയർ, ലിൻഡ്‌ലോഫ് എന്നിവരടങ്ങിയ പ്രതിരോധ കഴിഞ്ഞ സീസണിൽ പലപ്പോഴും പതറിയിരുന്നതു കൊണ്ടു തന്നെ ഫ്രെഡ്, മക്ടോമിനായ് എന്നിവരെ ഡബിൾ പൈവറ്റായി കളിപ്പിക്കാൻ സോൾഷെയർ നിർബന്ധിതനായിരുന്നു. എന്നാൽ വരാനെ ടീമിലെത്തുന്നതോടെ ബ്രൂണോ ഫെർണാണ്ടസ്, പോഗ്ബ എന്നിവർക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ കഴിയും.

കഴിഞ്ഞ സീസണിൽ കൂടുതൽ സമയവും ബെഞ്ചിലായിരുന്ന വാൻ ഡി ബീക്കിനു അവസരങ്ങൾ ലഭിക്കാനും ഈ ശൈലി പ്രയോജനപ്പെടും. ബൊറൂസിയ ഡോർട്മുണ്ട് താരമായ ജാഡൻ സാഞ്ചോ കൂടി ടീമിലേക്കു വന്നതോടെ കൂടുതൽ ആക്രമണത്തിലൂന്നിയാവും യുണൈറ്റഡ് കളിക്കുക. ഇതിനു കരുത്തു പകരാൻ ട്രിപ്പിയർ, കമവിങ്ങ എന്നിവരെയും യുണൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്.

facebooktwitterreddit