Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ മോശം സ്വാധീനം ചെലുത്തുന്നുവെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സോൾഷെയർ

Sreejith N
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Chloe Knott - Danehouse/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിൽ മോശം സ്വാധീനം ചെലുത്തുന്നുവെന്ന വിമർശനങ്ങളോടു പ്രതികരിച്ച് പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയർ. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം സൂപ്പർതാരമായി വളർന്ന റൊണാൾഡോ റയൽ മാഡ്രിഡ്, യുവന്റസ് എന്നിവിടങ്ങളിൽ പന്ത്രണ്ടു വർഷം ചിലവഴിച്ചതിനു ശേഷമാണ് ഇംഗ്ലീഷ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോ ഇതുവരെ പന്ത്രണ്ടു മത്സരങ്ങളിൽ നിന്നും ഒൻപതു ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും താരത്തിന്റെ സാന്നിധ്യത്തെ വിമർശിക്കുന്നവർ നിരവധിയാണ്. കൂടിയാൽ ഒന്നോ രണ്ടോ വർഷം മാത്രം ഉണ്ടാകുന്ന റൊണാൾഡോ ക്ലബിന്റെ ദീർഘകാല പദ്ധതികളെ ഇല്ലാതാക്കുന്നുവെന്നാണ് വിമർശകർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ മാഞ്ചസ്റ്റർ ഡെർബിക്കു മുൻപ് മാധ്യമങ്ങളെ കണ്ടപ്പോൾ റൊണാൾഡോ ടീമിന്റെ പദ്ധതികളെ തകിടം മരിക്കുന്നുവെന്ന വിമർശനങ്ങളെ സോൾഷെയർ മുഴുവനായും തള്ളിക്കളഞ്ഞു. "ലോകത്ത് വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ." സോൾഷെയർ പറഞ്ഞു.

"മൈതാനത്തും പുറത്തും താരത്തിന്റെ സ്വാധീനം വളരെ വലുതാണ്. താരം നേടുന്ന ഗോളുകളും, എല്ലായിടത്തും സ്വയം സൂക്ഷിക്കുന്ന അച്ചടക്കവും കാണുമ്പോൾ എങ്ങിനെയാണ് ആളുകൾക്ക് നെഗറ്റിവായി പറയാൻ കഴിയുന്നത്, എനിക്കതു കാണാൻ കഴിയില്ല."

"റൊണാൾഡോ എങ്ങിനെ ഉണ്ടായിരുന്നോ, അതുപോലെ തന്നെ ആരംഭിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ അതു തന്നെയാണ് താരം ചെയ്യുന്നത്. അവൻ ഗോളുകൾ നേടുന്നു, തന്റെ ടീമിനായി പ്രവർത്തിക്കുന്നു. വളരെ വളരെ മികച്ച ഒരു പ്രൊഫെഷനലാണ് താരം." സോൾഷെയർ വ്യക്തമാക്കി.

മാഞ്ചസ്റ്റർ ഡെർബിക്കിറങ്ങുമ്പോൾ സോൾഷെയറിനെ സംബന്ധിച്ച് മത്സരം നിർണായകമാണ്. മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റിയോട് തോൽവി വഴങ്ങിയാൽ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനത്തിന് വീണ്ടും ഉലച്ചിൽ തട്ടാനിടയുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമേ സിറ്റിയോട് തോറ്റിട്ടുള്ളൂ എന്നത് യുണൈറ്റഡിന് ആത്മവിശ്വാസമാണ്.

facebooktwitterreddit