Football in Malayalam

റൊണാൾഡോ ആവശ്യപ്പെട്ടാൽ മാത്രമേ താരത്തെ മത്സരത്തിൽ നിന്നും പിൻവലിക്കുമായിരുന്നുള്ളു, കാരണം വെളിപ്പെടുത്തി സോൾഷെയർ

Sreejith N
FBL-ENG-PR-MAN UTD-NEWCASTLE
FBL-ENG-PR-MAN UTD-NEWCASTLE / OLI SCARFF/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാം അരങ്ങേറ്റ മത്സരത്തിൽ താരം ആവശ്യപ്പെട്ടിരുന്നെങ്കിൽ മാത്രമേ പിൻവലിക്കാൻ തനിക്കു പദ്ധതിയുണ്ടായിരുന്നുള്ളൂവെന്നു വെളിപ്പെടുത്തി പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന നടന്ന മത്സരത്തിൽ ഇരട്ടഗോളുകളോടെ റൊണാൾഡോ അരങ്ങേറ്റം ഗംഭീരമാക്കിയതിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു നോർവീജിയൻ പരിശീലകൻ.

റൊണാൾഡോയുടെ ഇരട്ടഗോളുകളുടെയും ബ്രൂണോ, ലിംഗാർഡ് എന്നിവരുടെ ഗോളുകളുടെയും പിൻബലത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. നാൽപത്തിയഞ്ചാം മിനുട്ടിലും അറുപത്തിരണ്ടാം മിനുട്ടിലും യുണൈറ്റഡിനെ മുന്നിലെത്തിച്ച ഗോളുകൾ നേടിയ റൊണാൾഡോ തന്റെ രണ്ടാം വരവിൽ ഓൾഡ് ട്രാഫോഡിൽ കൂടിയിരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രകടനമാണു നടത്തിയത്.

"തന്റെ പേര് ക്രിസ്റ്റ്യാനോ എന്നാണെന്നു താരം പറഞ്ഞു, അത്രയേ എനിക്കിപ്പോൾ പറയാനാവൂ. താരത്തിന് ആവശ്യമുണ്ടെങ്കിൽ മാത്രമേ ഞാൻ പിൻവലിക്കാൻ ഉദ്ദേശിച്ചിരുന്നുള്ളു. കളിസമയം താരത്തിന് ആവശ്യമാണ്. പോർച്ചുഗൽ, യുവന്റസ് എന്നിവർക്കൊപ്പം ഏതാനും മത്സരങ്ങൾ താരത്തിന് നഷ്‌ടമായി. അതുകൊണ്ടു തന്നെ തൊണ്ണൂറു മിനുട്ടും ആവശ്യമായിരുന്നു." മാധ്യമങ്ങളോട് സോൾഷെയർ പറഞ്ഞു.

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ക്ലബിലെ അന്തരീക്ഷം തന്നെ മാറിയിട്ടുണ്ടെന്ന് സോൾഷെയർ പറഞ്ഞു. "ക്ലബിനു ചുറ്റുമുള്ള അന്തരീക്ഷം ആവേശം ജ്വലിപ്പിക്കുന്ന ഒന്നായിരുന്നു. ആരാധകർ കഴിഞ്ഞ പത്തു ദിവസവും ആസ്വദിച്ചു കൊണ്ടിരിക്കയാണ്. ടീമിനെക്കുറിച്ച് ഒരുപാട് പ്രതീക്ഷ അവർക്ക് ഉണ്ടായിരുന്നു, താരം അത് നിറവേറ്റുകയും ചെയ്‌തു."

റൊണാൾഡോ ടീമിലെത്തുന്നതിനു മുൻപുള്ള പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ അഞ്ചു ഗോളുകൾ നേടി മികച്ച ഫോമിലാണെന്നു തെളിയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ വരവോടെ അതിശക്തമായ ഒരു നിരയായി മാറിയിട്ടുണ്ട്. അഞ്ചു വർഷമായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടവരൾച്ചക്ക് റൊണാൾഡോ അവസാനം കുറിച്ചാൽ അത് ചരിത്രം തന്നെയാണു സൃഷ്‌ടിക്കുക.

facebooktwitterreddit