Football in Malayalam

റൊണാൾഡോയോട് അടങ്ങിയിരിക്കണമെന്ന് ഫെർഡിനാൻഡ്, അറിയാത്ത കാര്യങ്ങൾ സംസാരിക്കരുതെന്ന മറുപടിയുമായി സോൾഷെയർ

Sreejith N
FBL-ENG-PR-MAN UTD-NEWCASTLE
FBL-ENG-PR-MAN UTD-NEWCASTLE / OLI SCARFF/Getty Images
facebooktwitterreddit

യങ് ബോയ്‌സിനെതിരായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പിൻവലിക്കപ്പെട്ടതിനു ശേഷം പരിശീലകനു വേണ്ടിയുള്ള ടെക്‌നിക്കൽ ഏരിയയിൽ നിന്നു മത്സരത്തിൽ ഇടപെടൽ നടത്തിയെന്ന പേരിൽ റൊണാൾഡൊക്കെതിരെ വിമർശനം നടത്തിയ ക്ലബിന്റെ മുൻതാരം റിയോ ഫെർഡിനാൻഡിനു മറുപടി നൽകി പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ നിൽക്കരുതെന്നാണ് സോൾഷെയർ ഫെർഡിനാന്റിനോടു പറഞ്ഞത്.

മത്സരത്തിനിടയിൽ ടെക്‌നിക്കൽ ഏരിയയിൽ പരിശീലകനരികിൽ നിന്നു കൊണ്ട് റൊണാൾഡോയും ബ്രൂണോയും മൈതാനത്തെ സംഭവങ്ങളിൽ ഇടപെടൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ താനാണ് പരിശീലകനെങ്കിൽ റൊണാൾഡോയോട് അടങ്ങിയിരിക്കാൻ പറയുമായിരുന്നു എന്നാണു ഫെർഡിനാൻഡ് പറഞ്ഞത്. എന്നാൽ യങ് ബോയ്‌സിനു ലഭിക്കേണ്ടിയിരുന്ന ഒരു മഞ്ഞക്കാർഡ് റഫറി നൽകാത്തതിനെ തുടർന്നാണ് താരങ്ങൾ പ്രതിഷേധിച്ചതെന്നാണ് സോൾഷെയർ പറയുന്നത്.

"റിയോ ഫെർഡിനാൻഡ് പലപ്പോഴും അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാൻ നിൽക്കുന്നു. മാറ്റിച്ചിനെ പെരേര വീഴ്ത്തിയത് ഒരു മഞ്ഞക്കാർഡ് ആകേണ്ടിയിരുന്നു. റൊണാൾഡോയും ബ്രൂണോയും മത്സരബുദ്ധിയുള്ള താരങ്ങൾ ആയതിനാൽ അവർ എനിക്കൊപ്പം ചേർന്നു."

"കുറച്ചു നേരത്തേക്ക് അവർ റഫറിയോട് ആക്രോശിച്ച് അവിടെ ഉണ്ടായിരുന്നു. ഞങ്ങൾക്ക് എതിരായി തീരുമാനങ്ങൾ എടുക്കുന്നതിന്റെ [പ്രതികരണം ആയിരുന്നു അത്. അതിനു ശേഷം ക്രിസ്റ്റ്യാനോയും ബ്രൂണോയും ഇരുന്നു. ആ ടെക്‌നിക്കൽ ഏരിയയിൽ ഒന്നുകിൽ ഞാനോ അല്ലെങ്കിൽ കാരിക്ക്, ഫെലാൻ, മക്കന്നെ എന്നിവരിൽ ഒരാളെ മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നറിയാമായിരുന്നു." സോൾഷെയർ പറഞ്ഞു.

ഫെർഡിനാൻഡ് കരുതുന്നതു പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലകനായി അവിടെ മാറിയിട്ടില്ലെന്നും സോൾഷെയർ കൂട്ടിച്ചേർത്തു. മത്സരത്തിൽ റൊണാൾഡോയുടെ ഗോളിൽ മുന്നിലെത്തി എങ്കിലും വാൻ ബിസാക്ക ചുവപ്പുകാർഡ് നേടിയതിനെ തുടർന്ന് പത്തു പേരായി ചുരുങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം വഴങ്ങുകയായിരുന്നു.

facebooktwitterreddit