യുവന്റസ് വിടുകയാണെങ്കിൽ ഞങ്ങൾ ഇവിടെയുണ്ടെന്നവനറിയാം, റൊണാൾഡോ-മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ സാധ്യത തള്ളാതെ സോൾഷെയർ

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള സാധ്യത തള്ളാതെ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ.
ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടണമെന്ന് വ്യക്തമാക്കിയ റൊണാൾഡോയെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത നിലവിൽ കല്പിക്കപ്പെടുന്നത് മാഞ്ചസ്റ്റർ സിറ്റിക്കാണ്. എന്നാൽ, ആറ് വർഷത്തോളം തങ്ങളുടെ താരമായിരുന്ന റൊണാൾഡോക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയേക്കുമെന്ന സൂചനകളാണ് സോൾഷെയർ നൽകുന്നത്.
"ഞങ്ങൾക്കിടയിൽ എല്ലായ്പോഴും നല്ല ആശയവിനിമയം ഉണ്ട്. ബ്രൂണോ അവനുമായി സംസാരിക്കുന്നുമുണ്ട്, അവനെക്കുറിച്ച് ഞങ്ങൾക്കുള്ള വികാരം എന്താണെന്ന് അവനറിയാം. അവൻ എപ്പോഴെങ്കിലും യുവന്റസിൽ നിന്ന് മാറാൻ പോവുകയാണെങ്കിൽ, ഞങ്ങൾ ഇവിടെയുണ്ടെന്ന് അവനറിയാം," മാഞ്ചസ്റ്റർ യുണൈറ്റഡ്-വോൾവ്സ് പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട സോൾഷെയർ പറഞ്ഞു.
"ക്രിസ്റ്റ്യാനോ ഈ ക്ലബിന്റെ ഇതിഹാസമാണ്, നിങ്ങൾ എന്നോട് ചോദിക്കുകയാണെങ്കിൽ എക്കാലത്തെയും മികച്ച കളിക്കാരനാണ് [റൊണാൾഡോ]. അദ്ദേഹത്തോടൊപ്പം കളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. [യുണൈറ്റഡ് സ്ട്രൈക്കർമാരെ പരിശിപ്പിക്കാനുള്ള] ജോലി ലഭിച്ചപ്പോൾ ഞാൻ അദ്ദേഹത്തെ പരിശീലിപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം," സോൾഷെയർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.