റൊണാൾഡോ വിമർശകർക്ക് മറുപടിയുമായി സോൾഷെയർ, താരത്തെ വിമർശിക്കേണ്ടവർ അറ്റലാന്റക്ക് എതിരെയുള്ള മത്സരം കാണാൻ പരിശീലകൻ


അറ്റലാന്റാക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം നേടിയതിനു ശേഷം വിമർശകർക്കെതിരെ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ വിജയത്തിൽ അവസാന ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ ഇതിനു മുൻപ് ഉയർന്ന വിമർശനങ്ങൾക്കും പരിശീലകൻ മറുപടി നൽകി.
കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പതറിയ പ്രകടനം നടത്തിയപ്പോൾ റൊണാൾഡോയുടെ വർക്ക് റേറ്റും പ്രതിരോധത്തിൽ സഹായിക്കുന്നതിലുള്ള പോരായ്മയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാൽ അറ്റലാന്റക്കെതിരെ ടീമിനു വിജയം സമ്മാനിച്ച ഗോളോടെ താൻ എത്രത്തോളം മികച്ചതാണെന്നു തെളിയിക്കാൻ താരത്തിനു കഴിഞ്ഞുവെന്നാണ് സോൾഷെയർ പറയുന്നത്.
Solskjaer pleased with Ronaldo's impact at both ends #mufc https://t.co/8RamuJhci1
— Samuel Luckhurst (@samuelluckhurst) October 20, 2021
"ആദ്യപകുതിയിൽ അവസരങ്ങൾ ലഭിച്ചതു മുതലാക്കാൻ കഴിഞ്ഞില്ലെങ്കിലും മാർക്കസ് റാഷ്ഫോർഡ് മുന്നോട്ടു തന്നെ പോയി. പരിക്കു പറ്റിയിരുന്നെങ്കിലും താരം ഞങ്ങൾക്കു വളരെ പ്രാധാന്യമുള്ളതാണ്. ഹാരി മാഗ്വയറിൽ നിന്നും സഹജമായൊരു ഫിനിഷിങ്ങാനുണ്ടായത്. അദ്ദേഹം അങ്ങിനെയൊരു ഗോൾ നേടുമെന്നു നിങ്ങൾ കരുതുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല."
"ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളിനു മുന്നിൽ വളരെ മികച്ച താരമാണ്. ആർക്കെങ്കിലും താരത്തെ അധ്വാനത്തിന്റെയും വർക്ക് റേറ്റിന്റെയും കാര്യത്തിൽ വിമർശിക്കണം എന്നുണ്ടെങ്കിൽ ഈ മത്സരം കാണുക, താരത്തിന്റെ പ്രകടനം കാണുക," മത്സരത്തിനു ശേഷം ബിടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ സോൾഷെയർ പറഞ്ഞു.
"റൊണാൾഡോ മുന്നേറ്റനിരയെ നയിച്ച രീതി എനിക്ക് വളരെ വളരെ സന്തോഷം നൽകുന്നതായിരുന്നു. പ്രെസ്സിങ്ങും ഡ്രോപ്പ് ഇന്നും റണ്ണുകളും നടത്തി, ആരാധകരുടെ കൂടുതൽ പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവസാനനിമിഷങ്ങളിൽ സിക്സ് യാർഡ് ബോക്സിനുള്ളിലേക്ക് ഇറങ്ങിയ താരത്തിന്റെ സ്പ്രിന്റുകളും നിങ്ങൾ കണ്ടിരിക്കും. ഒരു സെന്റർ ഫോർവേഡ് ചെയ്യേണ്ടതെല്ലാം താരം ചെയ്തു, അതിനു പുറമെ ഒരു ഗോൾ നേടി അതിനെ ഏറ്റവും മികച്ചതാക്കുകയും ചെയ്തു," അദ്ദേഹം വ്യക്തമാക്കി.