Football in Malayalam

ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് പുതിയ താരങ്ങളെത്തുമെന്ന പ്രതീക്ഷയില്ലെന്ന് സോൾഷെയർ

Sreejith N
Southampton v Manchester United - Premier League
Southampton v Manchester United - Premier League / James Williamson - AMA/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പുതിയ താരങ്ങളെത്തുമെന്ന പ്രതീക്ഷയില്ലെന്ന് പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയർ. ജാഡൻ സാഞ്ചോ, റാഫേൽ വരാനെ, ടോം ഹീറ്റൻ എന്നീ താരങ്ങളുടെ ട്രാൻസ്ഫറുകൾ പൂർത്തിയാക്കിയ സമ്മർ ജാലകം തനിക്കു തൃപ്‌തി നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ കിരീടം ലക്ഷ്യമിട്ടു തന്നെയാണ് രണ്ടു സൂപ്പർ താരങ്ങളെ ടീമിന്റെ ഭാഗമാക്കിയത്. ഇതിനു പുറമെ എഡ്വാർഡോ കമവിങ്ങ, കീറൻ ട്രിപ്പിയർ, സൗൾ നിഗ്വസ് എന്നിവർ ഈ സമ്മറിൽ ടീമിലെത്തുമെന്ന അഭ്യൂഹങ്ങലുണ്ടെങ്കിലും അതിനുള്ള സാധ്യതകൾ കുറവാണെന്നാണ് സോൾഷെയറിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

"കൂടുതലൊന്നും സംഭവിക്കുമെന്ന് എനിക്കു തോന്നുന്നില്ല. എന്തെങ്കിലും സംഭവിച്ചാൽ അതൊരു ബോണസാണ്. ഫുട്ബോൾ ലോകത്ത് എന്താണ് സംഭവിക്കുകയെന്നു നമുക്കൊരിക്കലും അറിയില്ല. പക്ഷെ ഞങ്ങൾ വളരെ മികച്ചൊരു ട്രാൻസ്‌ഫർ ജാലകമാണ് പൂർത്തിയാക്കിയത്. ഞങ്ങൾ ചെയ്‌ത കാര്യങ്ങളിൽ എനിക്കു തൃപ്‌തിയുണ്ട്." വി.ജീക്കു നൽകിയ അഭിമുഖത്തിൽ സോൾഷെയർ പറഞ്ഞു.

പുതിയ താരങ്ങൾ എത്തിയതിനൊപ്പം തന്നെ ഏതാനും താരങ്ങൾ ടീം വിട്ടിട്ടുമുണ്ട്. ആൻഡ്രെസ് പെരേര, ക്രിസ്റ്റ്യൻ റൊമേരോ എന്നിവർ ക്ലബ് വിട്ടപ്പോൾ ടുവാൻസുബേ, ടാഹിത് ചോങ്, ഫാകുണ്ടോ പെല്ലിസ്ട്രി, ജെയിംസ് ഗാർനർ, ബ്രെണ്ടൻ വില്യംസ് എന്നിവർ ലോണിലും ക്ലബിൽ നിന്നും ഒഴിവായി.

സമ്മിശ്രമായ തുടക്കമാണ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേത്. ആദ്യ മത്സരത്തിൽ ലീഡ്‌സിനെ തകർത്ത അവർ കഴിഞ്ഞ മത്സരത്തിൽ സൗത്താംപ്റ്റനോട് സമനില വഴങ്ങുകയായിരുന്നു. അടുത്ത മത്സരത്തിൽ വോൾവ്‌സാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.

facebooktwitterreddit