പുറത്താക്കലിനെക്കുറിച്ച് ആശങ്കയില്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്കു ശേഷം പ്രതികരിച്ച് സോൾഷെയർ

Sreejith N
Manchester United v Manchester City - Premier League
Manchester United v Manchester City - Premier League / Clive Brunskill/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവി വഴങ്ങിയെങ്കിലും താൻ പുറത്താക്കപ്പെടുമോയെന്ന കാര്യത്തിൽ ആശങ്കയില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. ലിവർപൂളിനെതിരെ സ്വന്തം മൈതാനത്തു നടന്ന കഴിഞ്ഞ മത്സരം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോറ്റതിനു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ വീണ്ടും ഓൾഡ് ട്രാഫോഡിൽ പരാജയം ഏറ്റു വാങ്ങിയത്.

"കഴിഞ്ഞ സീസണിന്റെ അവസാനത്തിലും ഈ സീസണിന്റെ തുടക്കത്തിലും ഞങ്ങളൊരു ശരിയായ ടീമായി കാണപ്പെടാൻ തുടങ്ങിയിരുന്നു. അതിലേക്ക് ഞങ്ങൾ തിരികെയെത്തേണ്ടതുണ്ട്. അന്താരാഷ്‌ട്ര മത്സരങ്ങൾക്കു ശേഷം കളിക്കാർ മനസിൽ പുതുമയുള്ളവരായി തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട്. എന്റെയും കളിക്കാരുടെയും മേലേയുള്ള ആവശ്യങ്ങളും പ്രതീക്ഷകളും ഉയർന്നതാണ്."

"ഞങ്ങൾ കുറച്ചു കാലം എങ്ങിനെയായിരുന്നോ, അതിലേക്ക് തിരിച്ചെത്തണം, അതിനു കഴിയുന്ന താരങ്ങൾ ഞങ്ങളുടെ കൂടെയുണ്ട്. ഈ സാഹചര്യത്തിൽ ഞങ്ങൾ മുൻപും എത്തിയിട്ടുണ്ട്. തീർച്ചയായും ലിവർപൂളിനെതിരേ നടന്ന മത്സരം വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. ഞങ്ങൾ കൂടുതൽ മുൻ‌തൂക്കം പുലർത്തി കളിക്കണം. ഇതുപോലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കേണ്ടതെന്ന് എനിക്കെന്നെ നോക്കി പറയാൻ കഴിയില്ല." സോൾഷെയർ പറഞ്ഞു.

പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെടാനുള്ള സാധ്യതയെ കുറിച്ച് സോൾഷെയറുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. "ഞാനതിനെക്കുറിച്ച് ആശങ്കപ്പെടാൻ തുടങ്ങിയിട്ടില്ല. എല്ലാ സമയത്തും ക്ലബുമായി നല്ല രീതിയിൽ സത്യസന്ധമായി ഞാൻ ആശയവിനിമയം പുലർത്തുന്നുണ്ട്. ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ജോലി ചെയ്യുന്നു, ടീമിന് ഏറ്റവും മികച്ചതാണ് എനിക്കു വേണ്ടത്, ഞാനിവിടെയുള്ളപ്പോൾ ഇതു മെച്ചപ്പെടുത്താൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും." സോൾഷെയർ വ്യക്തമാക്കി.

എറിക് ബെയ്‌ലിയുടെ സെൽഫ് ഗോളും ബെർണാഡോ സിൽവ നേടിയ ഗോളുമാണ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം എളുപ്പമാക്കിയത്. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമതാണ്.

facebooktwitterreddit