Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിലെ മികച്ച രണ്ടു ഫിനിഷർമാരെ വെളിപ്പെടുത്തി സോൾഷെയർ; രണ്ടാമൻ ആരാധകർ പ്രതീക്ഷിക്കാത്ത താരം

Sreejith N
FBL-ICC-2019-MAN UTD-ACMILAN
FBL-ICC-2019-MAN UTD-ACMILAN / GEOFF CADDICK/Getty Images
facebooktwitterreddit

സോൾഷെയറിനു കീഴിൽ പടിപടിയായി ഉയർന്നു വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ നേരിടുന്ന പ്രധാന പ്രശ്‌നം ഗോളുകൾ നിരവധി അടിച്ചു കൂട്ടാൻ കഴിയുന്ന ഒരു സ്‌ട്രൈക്കറുടെ അഭാവമാണ്. മുന്നേറ്റനിരയിൽ മികച്ച താരങ്ങൾ നിരവധിയുണ്ടെങ്കിലും അർധാവസരങ്ങളിൽ പോലും വലകുലുക്കാൻ കഴിയുന്ന, ടീമിന്റെ ശൈലിയുമായി യോജിച്ചു പോകുന്ന ഒരു പെർഫെക്ട് സ്‌ട്രൈക്കർ ഇല്ലെന്നത് ഒരു പരിധി വരെ ടീമിന്റെ പ്രകടനത്തെ പുറകോട്ടു വലിക്കുന്നുണ്ട്.

അതേസമയം നിലവിലെ ടീമിൽ ഏറ്റവും മികച്ച രീതിയിൽ ഫിനിഷ് ചെയ്യുന്ന താരമായി പരിശീലകൻ സോൾഷെയർ പറയുന്നത് മുന്നേറ്റനിര താരം മാസൺ ഗ്രീൻവുഡിനെയാണ്. അതിനു തൊട്ടു പിന്നിലുള്ള മികച്ച ഫിനിഷറായി സോൾഷെയർ വെളിപ്പെടുത്തിയത് ലെഫ്റ്റ് ബാക്കായ ലൂക്ക് ഷായുടെ പേരാണെന്നത് ആരാധകർക്ക് അപ്രതീക്ഷിതമായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഗോൾ നേടി യുണൈറ്റഡിനെ വിജയത്തിലെത്തിച്ചതിനു ശേഷം തന്റെ ഫിനിഷിങ് മികവിനെ കുറിച്ച് ലൂക്ക് ഷാ തന്നെ പറയുകയുണ്ടായി. മാനേജരോട് ഇക്കാര്യം ചോദിച്ചാൽ അദ്ദേഹം അത് സമ്മതിക്കുമെന്നും കൂടുതൽ ഗോളുകൾ നേടുന്നില്ലെങ്കിലും തന്നോടിക്കാര്യം സോൾഷെയർ പറഞ്ഞിട്ടുണ്ടെന്നും ഷാ വെളിപ്പെടുത്തിയിരുന്നു.

ഇതേക്കുറിച്ച് സോൾഷെയറിനോട് ചോദിച്ചപ്പോൾ അദ്ദേഹവും ഇക്കാര്യം ശരി വെക്കുകയാണുണ്ടായത്. ഗ്രീൻവുഡിന് പുറകിൽ ടീമിലെ മികച്ച ഫിനിഷറാണ് ലൂക്ക് ഷായെന്നും കൃത്യമായ പൊസിഷനിലെത്തിയാൽ ഗോൾ നേടാൻ കഴിവുള്ള താരത്തെ ആ പൊസിഷനിലെത്തി ഗോളുകൾ നേടാൻ താൻ നിരന്തരം പ്രേരിപ്പിക്കാറുണ്ടെന്നും സോൾഷെയർ വ്യക്തമാക്കി.

ഈ സീസണിലെ മികച്ച പ്രകടനം കൊണ്ട് മൂന്നു വർഷത്തിന് ശേഷം ഇംഗ്ലണ്ട് ടീമിൽ വീണ്ടും ഇടം ലഭിച്ച ഷാ അൽബേനിയക്കെതിരായ മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കിയിരുന്നു. അതേസമയം പോളണ്ടിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ താരം കളത്തിലിറങ്ങിയില്ല.

facebooktwitterreddit