Football in Malayalam

ഈയൊരു കാരണം പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിലനിർത്തും, പ്രതീക്ഷയോടെ സോൾഷെയർ

Sreejith N
Manchester United v Leeds United - Premier League
Manchester United v Leeds United - Premier League / Catherine Ivill/Getty Images
facebooktwitterreddit

ലീഡ്‌സ് യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്റ്റേഡിയത്തിലെത്തിയ ആരാധകർ നൽകിയ പിന്തുണയിൽ സന്തോഷം പ്രകടിപ്പിച്ച് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിൽ നാല് അസിസ്റ്റുകളുമായി തിളങ്ങിയ പോൾ പോഗ്ബ പുതിയ കരാറൊപ്പിടാൻ ആരാധകർ നൽകുന്ന പിന്തുണ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ മത്സരത്തിൽ അതിനേക്കാളേറെ പ്രശംസ പിടിച്ചു പറ്റുന്ന പ്രകടനമാണ് പോഗ്ബ നടത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ മികച്ചൊരു അവസരം നഷ്ടപ്പെടുത്തിയ ഫ്രഞ്ച് താരം അതിനു പരിഹാരം ചെയ്‌ത് നാലു ഗോളുകൾക്കു പിന്നിലെ സാന്നിധ്യമാവുകയായിരുന്നു. എന്നാൽ ഒരു വർഷം മാത്രം ക്ലബുമായി കരാർ ബാക്കിയുള്ള താരം ഇപ്പോഴും ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്.

ആരാധകർ മൈതാനങ്ങളിലേക്ക് തിരിച്ചെത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയൊരു കരുത്തു നൽകിയെന്നും ക്ലബ് അതോടെയാണ് പൂർണമായതെന്നും അഭിപ്രായപ്പെട്ട പരിശീലകൻ, ഈ ആവേശവും മികച്ച മത്സരഫലങ്ങളും പോഗ്ബയെ നിലനിർത്തുന്നതിൽ നിർണായക പങ്കു വഹിക്കുമെന്ന പ്രതീക്ഷ പങ്ക് വെച്ചു.

"കഴിഞ്ഞ പതിനെട്ടു മാസങ്ങൾ വിചിത്രമായിരുന്നു, മാധ്യമങ്ങളിലൂടെ മാത്രം ഇടപെടലുകൾ ഉണ്ടായി, നിങ്ങൾ ടെലിവിഷനിൽ മത്സരങ്ങൾ കണ്ടു. അതുകൊണ്ടു തന്നെ പോഗ്ബ, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയവർ ആരാധകരുമായി ഒന്നിക്കേണ്ടത് പ്രധാനമായിരുന്നു. ഇതാണ് യഥാർത്ഥ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇതാണ് ഞാൻ കവാനിയോടും പറഞ്ഞത്. ആരാധകരില്ലാതെ ഒരു സീസൺ കളിച്ച് നിങ്ങൾക്ക് പോകാനാവില്ല. പോഗ്ബയെ നിലനിർത്താൻ ഇതു സഹായിക്കുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്," സോൾഷെയർ പറഞ്ഞു.

വളരെ വർഷങ്ങൾക്കു ശേഷം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരാളികൾക്കെല്ലാം മുന്നറിയിപ്പ് നൽകുന്ന പ്രകടനമാണ് നടത്തിയത്. പുതിയ സൈനിംഗുകളായ വരാനെ സ്‌ക്വാഡിലും സാഞ്ചോ ആദ്യ ഇലവനിലും ഇറങ്ങാതെയാണ് ഈ വിജയം നേടിയതെന്ന് യുണൈറ്റഡിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit