റൊണാൾഡോ എല്ലാ മത്സരത്തിലും കളിച്ചേക്കില്ലെന്ന സൂചനകൾ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷെയർ


റൊണാൾഡോയുടെ ഫിറ്റ്നസ് കൃത്യമായി നിലനിർത്തുന്നതിനു വേണ്ടി താരത്തെ എല്ലാ മത്സരത്തിലും കളിപ്പിച്ചേക്കില്ലെന്ന സൂചനകൾ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളോടെ റൊണാൾഡോ നിറഞ്ഞാടിയെങ്കിലും യങ് ബോയ്സിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം ഇറങ്ങാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് സോൾഷെയറിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.
ന്യൂകാസിലിനെതിരായ കളിയിൽ ഇരട്ടഗോളുകൾ നേടിയതോടെ റൊണാൾഡോയെ പുറത്തിരുത്തുന്നത് അസാധ്യമാകുമോ എന്ന ചോദ്യത്തിന് സോൾഷെയറിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "ക്രിസ്റ്റ്യാനോക്കു തന്നെപ്പറ്റിത്തന്നെ വളരെ ശ്രദ്ധയുള്ളതിനാൽ അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് എനിക്കറിയാം. താരം പ്രീ സീസണും നടത്തിയതാണ്. എല്ലാവരെയും മികച്ച രീതിയിൽ നിലനിർത്തി കളിപ്പിക്കുന്നതിനൊപ്പം താരത്തെയും അതുപോലെ നിലനിർത്തി തൊണ്ണൂറു മിനുട്ടും നൽകേണ്ടത് അനിവാര്യമാണ്."
"ചൊവ്വാഴ്ച യങ് ബോയ്സിനെതിരായ മത്സരത്തിൽ എന്താണു ചെയ്യേണ്ടതെന്നു ഞങ്ങൾ തീരുമാനിക്കും. പക്ഷെ, താരത്തെ (ആദ്യ ഇലവനിൽ നിന്ന്) ഒഴിവാക്കുക അസാധ്യമായ കാര്യമല്ല. അവന് മുപ്പത്തിയാറും മേസണിന് പത്തൊൻപതുമാണ് പ്രായം. അതു ഒന്ന് തന്നെയാണ്. അവന്റെ (ഗ്രീൻവുഡിന്റെ) മിനുട്ടുകൾ ഞാൻ കൈകാര്യം ചെയ്യണം, അത് പോലെ തന്നെ ഒരു മുപ്പത്തിയാറുകാരനായ താരത്തിന്റെ മിനുട്ടുകളും കൈകാര്യം ചെയ്യണം," സോൾഷെയർ വ്യക്തമാക്കി.
റൊണാൾഡോയുടെ തിരിച്ചു വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കിയെന്നും സോൾഷെയർ അഭിപ്രായപ്പെട്ടു. കൂടുതൽ കഴിവുള്ള താരങ്ങൾ ടീമിന്റെ കൂടെ ചേർന്നതിനൊപ്പം ആരോഗ്യകരമായ മത്സരം സൃഷ്ടിച്ചുവെന്നും ടീമിനെ നയിക്കാൻ കഴിയുന്നവർ ഒപ്പമുണ്ടെന്നും സോൾഷെയർ പറഞ്ഞു.
അതേസമയം ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെതിരെ കളിച്ചാൽ മറ്റൊരു റെക്കോർഡ് കൂടി റൊണാൾഡോക്ക് സ്വന്തമാകും. 177 മത്സരങ്ങൾ കളിച്ച് ഏറ്റവുമധികം ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച താരമെന്ന റയൽ മാഡ്രിഡ് ഇതിഹാസം ഇകർ കസിയസിന്റെ റെക്കോർഡിന്റെ ഒപ്പമാണ് റൊണാൾഡോ എത്തുക.