Football in Malayalam

ബ്രൂണോ ഫെർണാണാണ്ടസ് പോർച്ചുഗൽ ടീമിനു വേണ്ടി കളിക്കുന്നത് അനുവദിച്ചേക്കില്ലെന്ന സൂചനകൾ നൽകി സോൾഷെയർ

Sreejith N
Manchester United v Newcastle United - Premier League
Manchester United v Newcastle United - Premier League / Pool/Getty Images
facebooktwitterreddit

ഈ മാസം അവസാനം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പോർച്ചുഗൽ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ സൂപ്പർതാരം ബ്രൂണോ ഫെർണാണ്ടസിനെ അനുവദിച്ചേക്കില്ലെന്ന സൂചനകൾ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. ബ്രിട്ടീഷ് ഗവൺമെന്റിന്റെ കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പോയി തിരിച്ചെത്തിയാൽ ബ്രൂണോ ഫെർണാണ്ടസിന് പത്തു ദിവസം ക്വാറന്റൈൻ വേണ്ടി വരുമെന്നതു കൊണ്ടാണ് സോൾഷെയർ കടുത്ത തീരുമാനമെടുക്കാൻ ഒരുങ്ങുന്നത്.

ക്രിസ്റ്റൽ പാലസുമായി ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സോൾഷെയർ ഇതേക്കുറിച്ച് സംസാരിച്ചത്. "ഞങ്ങളിതു വരെ ചർച്ച ചെയ്‌ത്‌ പ്രസ്തുത വിഷയത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ലെങ്കിലും ഒരു കളിക്കാരനെ പത്ത് ദിവസത്തേക്ക് നഷ്ടപ്പെടുമെന്നത് ഒരിക്കലും യുക്തിപരമല്ല."

"ഞങ്ങളാണ് കളിക്കാർക്ക് ശമ്പളം കൊടുക്കുന്നത്. ഞാൻ മനസിലാക്കിയത് പ്രകാരം താരങ്ങളെ വിട്ടുകൊടുക്കാതിരിക്കാൻ ഫിഫയുടെ നിയമം അനുവദിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിൽ അവർ പോയി കളിക്കണമോയെന്ന കാര്യത്തിൽ ഞാൻ ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. അത് വളരെ ബുദ്ധിമുട്ടേറിയതാണെങ്കിലും. ബ്രൂണോയെ ഞങ്ങൾക്ക് വേണമെന്നതിൽ സംശയമില്ല."

അസർബൈജാനെതിരെ മാർച്ച് 24നും സെർബിയക്കെതിരെ മാർച്ച് 27നുമാണ് പോർച്ചുഗലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ ഒന്നാണ് പോർച്ചുഗൽ എന്നിരിക്കെ യോഗ്യത മത്സരങ്ങളിൽ പങ്കെടുത്താൽ ബ്രൈറ്റനെതിരെ ഏപ്രിൽ 3നു നടക്കുന്ന മത്സരവും ടോട്ടനം ഹോസ്പറിനെതിരെ ഏപ്രിൽ 10നു നടക്കുന്ന മത്സരവും ബ്രൂണോ ഫെർണാണ്ടസിന് നഷ്ടമാകും.

ഈ സീസണിൽ 22 ഗോളും 13 അസിസ്റ്റുമാണ് ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീമിനെ സംബന്ധിച്ച് അത്രയും പ്രധാനപ്പെട്ട ഒരു താരത്തിന്റെ അഭാവം തിരിച്ചടിയാകുമെന്നിരിക്കെ ഫെർണാണ്ടസ് യോഗ്യത മത്സരങ്ങൾ കളിക്കാതിരിക്കാനാണ് സാധ്യത.

facebooktwitterreddit