Football in Malayalam

"ഇതിൽ കൂടുതലൊന്നും ആവശ്യപ്പെടാനില്ല"- മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫറുകളിൽ തൃപ്‌തി പ്രകടിപ്പിച്ച് സോൾഷെയർ

Sreejith N
Queens Park Rangers v Manchester United - Pre-season Friendly
Queens Park Rangers v Manchester United - Pre-season Friendly / Chloe Knott - Danehouse/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ജാഡൻ സാഞ്ചോ, റാഫേൽ വരാനെ എന്നിവരുടെ സൈനിങ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയതിൽ സമ്പൂർണ തൃപ്‌തി പ്രകടിപ്പിച്ച് പരിശീലകൻ സോൾഷെയർ. രണ്ടു പ്രധാന താരങ്ങളെ നേരത്തെ തന്നെ സ്വന്തമാക്കിയത് ടീമിനു ഗുണം ചെയ്യുമെന്നു പറഞ്ഞ സോൾഷെയർ ഇതിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ആഗ്രഹങ്ങളെയാണ് കാണിച്ചതെന്നും ഇതിൽ കൂടുതലൊന്നും തനിക്ക് ക്ലബ് നേതൃത്വത്തോട് ആവശ്യപ്പെടാനില്ലെന്നും വ്യക്തമാക്കി.

"ഞാൻ മുൻപു പറഞ്ഞിട്ടുള്ളതു പോലെ ഏതൊരു മാനേജർക്കും ട്രാൻസ്‌ഫർ ഡീലുകൾ വളരെ നേരത്തെ പൂർത്തിയാകുന്നതാണ് സന്തോഷം, ഈ വർഷം ഞങ്ങൾക്കതിനു കഴിഞ്ഞു. ഞങ്ങൾക്ക് ലഭിച്ച രണ്ടു താരങ്ങളും ഈ സീസണിലും ദീർഘകാലത്തേക്കും വലിയ വ്യത്യാസങ്ങളാണ് സൃഷ്‌ടിക്കുക. വരാനെ മികച്ച ഫോമിലുള്ള സമയമാണെന്നതിനു പുറമെ ഹാരിയുടെ അതെ പ്രായവും, ബെയ്‌ലി, ലിൻഡ്‌ലോഫ് എന്നിവരേക്കാൾ കുറച്ചു മുതിർന്നതുമാണ്."

"ജാഡൻ സാഞ്ചോ ടീമിലുള്ളത് ആവേശം നൽകുന്ന കാര്യമാണ്. ഈ രണ്ടു താരങ്ങളെയും നേരത്തെ തന്നെ ടീമിലെത്തിച്ചതോടെ ഒരു മാനേജരെന്ന നിലയിൽ കൂടുതലൊന്നും ആവശ്യപ്പെടാൻ കഴിയില്ല. നിലവിൽ ഞങ്ങൾ നല്ല പൊസിഷനിലാണുള്ളത്." നോർവീജിയൻ പരിശീലകൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

വരാനെ ടീമിലെത്തിയതോടെ വളരെക്കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിരുന്ന ഒരു താരത്തെയാണ് ലഭിച്ചതെന്നും സോൾഷെയർ പറഞ്ഞു. സർ അലക്‌സ് ഫെർഗുസൺ പരിശീലകനായിരിക്കുമ്പോൾ തന്നെ ഫ്രഞ്ച് പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും തന്റെ മികവ് നിരവധി തവണ തെളിയിച്ച താരമാണ് വരാനെയെന്നും സോൾഷെയർ കൂട്ടിച്ചേർത്തു.

നിലവിൽ മൂന്നു പ്രീ സീസൺ മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് അതിൽ ഒരെണ്ണം മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഡെർബിക്കെതിരെ വിജയിച്ച ടീം ക്യുപിആറിനെതിരെ തോൽവിയും ഇന്നലെ ബെന്റ്‌ഫോർഡിനെതിരെ സമനിലയും വഴങ്ങി. ഇനി രണ്ടു പ്രീ സീസൺ മത്സരങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിനു ബാക്കിയുണ്ട്.

facebooktwitterreddit