'ലിംഗാർഡ്, മാറ്റിച്ച് എന്നിവരെ ആവശ്യമായിരുന്നു' - റൊണാൾഡോയെ പിൻവലിച്ചതിന്റെ കാരണം വെളിപ്പെടുത്തി സോൾഷെയർ


സ്വിസ് ക്ലബായ യങ് ബോയ്സിനെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ എഴുപത്തിരണ്ടാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിൻവലിച്ചതിന്റെ കാരണം വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ച റൊണാൾഡോയെ സമനില ഗോൾ വഴങ്ങിയതിനു പിന്നാലെയാണ് സോൾഷെയർ പിൻവലിച്ചത്.
അറുപത്തിയാറാം മിനുട്ടിൽ സ്വിസ് ക്ലബ് സമനില ഗോൾ നേടിയതിനു പിന്നാലെ ആദ്യത്തെ ഗോളിനു പിന്നിൽ പ്രവർത്തിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെ പിൻവലിച്ച് മാറ്റിച്ച്, ലിംഗാർഡ് എന്നിവരെയാണ് സോൾഷെയർ കളത്തിലിറക്കിയത്. എന്നാൽ മത്സരത്തിന്റെ അവസാന മിനുട്ടിൽ ലിംഗാർഡ് വരുത്തിയ പിഴവ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് കാരണമാവുകയും സോൾഷെയറിന്റെ തീരുമാനം വിമർശന വിധേയമാവുകയും ചെയ്തിരുന്നു.
Young Boys vs Man Utd: Solskjaer explains why he took off Ronaldo, Bruno Fernandes https://t.co/PoKVRiU6wQ
— Daily Post Nigeria (@DailyPostNGR) September 15, 2021
"മത്സരം എഴുപതോളം മിനുട്ട് പിന്നിട്ടിരുന്നു. അവർ ശനിയാഴ്ചയും ഇന്നും വളരെയധികം ഓടിയിട്ടുണ്ട്. കൃത്രിമ ടർഫുകൾക്ക് അതിന്റേതായ പ്രതികൂല പ്രഭാവമുണ്ട്. ഞങ്ങൾക്ക് ലിംഗാർഡിന്റെ കാലുകളും, പന്ത് ഹോൾഡ് ചെയ്യാൻ മാറ്റിച്ചിന്റെ പരിചയ സമ്പത്തും വേണമായിരുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സോൾഷെയർ പറഞ്ഞു.
അതേസമയം അലക്ഷ്യമായൊരു ബാക്ക് പാസിലൂടെ യങ് ബോയ്സിനു വിജയഗോൾ നേടാൻ സഹായിച്ച ലിംഗാർഡിനെ പഴിക്കുന്നതിൽ കാര്യമില്ലെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് കുറച്ചു കൂടി അച്ചടക്കത്തോടെ കളിക്കണമെന്നും ടീമിന്റെ നായകനായ ഹാരി മാഗ്വയർ പറഞ്ഞു. പത്തു പേരായി ചുരുങ്ങിയ ടീം ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോകുന്ന അവസ്ഥ ഉണ്ടായിരുന്നെങ്കിൽ എല്ലാവരും പരസ്പരം പഴിക്കുമായിരുന്നു എന്നും മാഗ്വയർ കൂട്ടിച്ചേർത്തു.
റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാക്ക ആദ്യപകുതിയിൽ തന്നെ ചുവപ്പുകാർഡ് നേടി പുറത്തു പോയതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നില കൂടുതൽ പരുങ്ങലിലാവാൻ കാരണമായത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം യങ് ബോയ്സിനു പുറമെ ഇറ്റാലിയൻ ക്ലബായ അറ്റലാന്റ, കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ഫൈനലിൽ യുണൈറ്റഡിനെ കീഴടക്കിയ വിയ്യാറയൽ എന്നീ ടീമുകളാണുള്ളത്.