കറബാവോ കപ്പിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്, റൊണാൾഡോ കളിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സോൾഷെയർ


വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ കറബാവോ കപ്പ് മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനു തോറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായ മത്സരത്തിൽ ജെസ്സെ ലിംഗാർഡ്, ആന്റണി മാർഷ്യൽ, ജാഡൻ സാഞ്ചോ എന്നിവരാണ് മുന്നേറ്റനിരയിൽ ഇറങ്ങിയത്.
മത്സരത്തിനുള്ള സ്ക്വാഡിൽ തന്നെ റൊണാൾഡോയെ ഉൾപ്പെടുത്താതിരുന്ന സോൾഷെയർ താരങ്ങൾ ഉന്മേഷത്തോടെ തുടരുന്നതിനു വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്നാണ് മത്സരത്തിനു മുൻപേ പറഞ്ഞത്. "ഏറെക്കുറെ ഞായറാഴ്ച്ചക്കു മുൻപു തന്നെ ഞങ്ങളീ തീരുമാനത്തിൽ എത്തിയിരുന്നു. കൂടുതൽ താരങ്ങളെ ഞങ്ങൾക്ക് മത്സരങ്ങൾക്ക് ഫിറ്റാക്കിയെടുക്കേണ്ടതുണ്ട്. അലക്സ് ടെല്ലസ് തിരിച്ചെത്തി ഒരാഴ്ചയായി ട്രെയിനിങ് ആരംഭിച്ചിട്ട്. ഇതൊരു നീളമേറിയ സീസണാണ്."
Manchester United are OUT of the Carabao Cup ❌ pic.twitter.com/FvAsZfVX9C
— Goal (@goal) September 22, 2021
"ക്രിസ്റ്റ്യാനോ റൊണാൾഡോ വന്ന് ടീമിൽ വ്യത്യാസം സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനു കൂടുതൽ കളിക്കാനാണ് ആഗ്രഹം എങ്കിലും അത് സാധ്യമായ കാര്യമല്ല. നമ്മൾ അവസാനത്തേക്ക് വിജയം നേടണമെങ്കിൽ സ്ക്വാഡിലുള്ള എല്ലാവർക്കും മിനുട്ടുകൾ ഷെയർ ചെയ്യണം. ഒരുപാട് മാറ്റങ്ങൾ വരുത്തുന്നത് സാഹസമാണ് എങ്കിലും ചില മത്സരങ്ങൾ അടഞ്ഞ സ്റ്റേഡിയത്തിൽ കളിച്ചതു കൊണ്ട് താളം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്." സോൾഷെയർ വ്യക്തമാക്കി.
എന്നാൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും യുണൈറ്റഡിനു വേണ്ടി ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ പോലും ഉൾപ്പെടുത്തേണ്ടെന്ന സോൾഷെയറിന്റെ തീരുമാനം തെറ്റാണെന്നു തെളിയിച്ചതാണ് മത്സരത്തിൽ വെസ്റ്റ് ഹാം വിജയിച്ച് കറബാവോ കപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. അർജന്റീനിയൻ താരം മാനുവൽ ലാൻസിനിയാണ് വെസ്റ്റ്ഹാമിന്റെ വിജയഗോൾ നേടിയത്.