Manchester United

ഗ്രനാഡക്കെതിരായ മത്സരത്തിൽ പോഗ്ബയെ ആദ്യപകുതിക്ക് ശേഷം പിൻവലിച്ചതിന്റെ കാരണം വെളിപ്പെടുത്തി സോൾഷെയർ

Sreejith N
Manchester United v Granada CF - UEFA Europa League Quarter Final: Leg Two
Manchester United v Granada CF - UEFA Europa League Quarter Final: Leg Two / Visionhaus/Getty Images
facebooktwitterreddit

ഗ്രനാഡക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യപകുതിക്ക് ശേഷം പോഗ്ബയെ പിൻവലിച്ചതിനെ കാരണം വെളിപ്പെടുത്തി പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. എഡിസൺ കവാനിയുടെ ഗോളും ജീസസ് വല്ലേഹോയുടെ സെൽഫ് ഗോളിന്റെയും പിൻബലത്തിൽ രണ്ടു ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. കവാനിയുടെ ഗോളിന് വഴിയൊരുക്കിയ പോഗ്ബയെ ആദ്യപകുതി കഴിഞ്ഞയുടനെ തന്നെ പിൻവലിച്ച് ഡോണി വാൻ ബീക്കിനെ സോൾഷെയർ കളത്തിലിറക്കിയിരുന്നു.

"ചില സമയങ്ങളിൽ പോഗ്ബക്ക് എല്ലാറ്റിലും വിജയിക്കണമെന്നുള്ള മനോഭാവമാണ്. ഒരു മഞ്ഞക്കാർഡ് ലഭിച്ചതിനു ശേഷവും താരം നിരവധി ടാക്കിളുകൾ നടത്തിയിരുന്നു. അതുകൊണ്ടു തന്നെ മികച്ച രീതിയിൽ കളിച്ച താരത്തെ വെച്ച് സാഹസത്തിനൊരുങ്ങുന്നില്ലെന്ന് ഞാൻ കരുതുകയായിരുന്നു. നിലവിൽ തന്നെ ഞങ്ങൾക്ക് മൂന്നു താരങ്ങളെ സസ്‌പെൻഷൻ മൂലം നഷ്ടമായിരുന്നു, ഈ സീസൺ വളരെ ബുദ്ധിമുട്ടേറിയതാണ്." ബിടി സ്പോർട്ടിനോട് മത്സര ശേഷം സോൾഷെയർ പറഞ്ഞു.

അതേസമയം തന്നെ നേരത്തെ പിൻവലിച്ചതിൽ യാതൊരു പ്രശ്‌നവും ഫ്രഞ്ച് താരത്തിനുണ്ടായില്ല. ഒരു മഞ്ഞക്കാർഡ് നേടിയതിനു ശേഷം തന്നെ ലക്‌ഷ്യം വെച്ച് ചുവപ്പുകാർഡ് നേടിത്തരാൻ എതിരാളികൾ കളിച്ചിരുന്നുവെന്നും അതുകൊണ്ടു തന്നെ നേരത്തെ പിൻവലിച്ച തീരുമാനം ഉചിതമായി എന്നുമാണ് പോഗ്ബ പറയുന്നത്. തന്റെ അസിസ്റ്റിൽ കവാനി നേടിയ ഗോൾ മനോഹരമായിരുന്നു എന്നും പോഗ്ബ വ്യക്തമാക്കി.

ഗ്രനാഡക്കെതിരെ ഇരുപാദങ്ങളിലുമായി നാല് ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. അയാക്‌സിനെ രണ്ടു ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിലായി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത ഇറ്റാലിയൻ ക്ലബ് റോമയാണ് സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.

facebooktwitterreddit