കരാറിന്റെ കാലാവധി അവസാനിക്കുന്നത് ആശങ്കയല്ല, പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന പ്രതീക്ഷയിൽ സോൾഷെയർ

Manchester United v Liverpool: The Emirates FA Cup Fourth Round
Manchester United v Liverpool: The Emirates FA Cup Fourth Round / Laurence Griffiths/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിച്ചാലും പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്ന ഉറച്ച പ്രതീക്ഷ പ്രകടിപ്പിച്ച് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. ഫ്രഞ്ച് താരത്തിന്റെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രമേ ബാക്കിയുള്ളൂവെന്നതിൽ തനിക്ക് ആശങ്കയില്ലെന്നും ടീമിനൊപ്പം താരം മികച്ച പ്രകടനം നടത്തുന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി നാല് അസിസ്റ്റുമായി തകർപ്പൻ പ്രകടനം നടത്തിയ പോഗ്ബയെ സംബന്ധിച്ച് ആരാധകർക്ക് വളരെയധികം ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന പോഗ്ബ അതു പുതുക്കാൻ ഇതുവരെയും തയ്യാറാവാത്തതിനാൽ താരത്തെ ഈ സമ്മറിൽ തന്നെ ക്ലബ് ഒഴിവാക്കുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

"സെപ്‌തംബർ ആരംഭിക്കുമ്പോഴും പോൾ പോഗ്ബ ഇവിടെത്തന്നെ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് അഞ്ചു വർഷത്തെ കരാറാണെങ്കിലും ഒരു വർഷത്തെ കരാറാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി സൈൻ ചെയ്യുമ്പോൾ സ്ഥിരതയോടെ പ്രകടനം നടത്തുകയെന്ന വെല്ലുവിളിയെ മറികടക്കേണ്ടതുണ്ട്."

"കരാറിന്റെ നീളം ഒരു താരത്തിന്റെയും പ്രചോദനത്തെയും അഭിലാഷങ്ങളെയും മാറ്റുമോയെന്ന കാര്യത്തിൽ എനിക്ക് യാതൊരു ആശങ്കയുമില്ല. നിന്റെ ടീമിനും സഹതാരങ്ങൾക്കും തനിക്കും കുടുംബത്തിനുമെല്ലാം വേണ്ടി ഓരോ തവണയും നമ്മൾ കളിക്കണം." ഇന്നു നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സോൾഷെയർ പറഞ്ഞു.

പ്രീമിയർ ലീഗിലെ ആദ്യത്തെ മത്സരത്തിൽ മാഴ്‌സലോ ബിയൽസ പരിശീലകനായ ലീഡ്‌സിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നു കളിക്കാനിറങ്ങുന്നത്. വൈകുന്നേരം 6.30നു നടക്കുന്ന മത്സരത്തിൽ സൗത്താംപ്റ്റനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.