Football in Malayalam

അഗ്യൂറോ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്താനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളഞ്ഞ് സോൾഷ്യർ

Gokul Manthara
Manchester United v Manchester City - Premier League
Manchester United v Manchester City - Premier League / Laurence Griffiths/Getty Images
facebooktwitterreddit

ഈ‌ സീസണ് ശേഷം മാഞ്ചസ്റ്റർ സിറ്റി വിടുമെന്നുറപ്പായ അർജന്റൈൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ, പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോളിതാ ഇത്തരമൊരു നീക്കമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ ഒലെ ഗണ്ണർ സോൾഷ്യർ. അഗ്യൂറോ യുണൈറ്റഡിലെത്താനുള്ള സാധ്യതകൾ പൂർണമായും തള്ളിക്കളയുന്ന സോൾഷ്യർ, ലോയൽറ്റിക്ക് ഫുട്ബോളിൽ വലിയ അർത്ഥമുണ്ടെന്നും ചൂണ്ടിക്കാട്ടി.

ബ്രൈറ്റണെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അഗ്യൂറോയും, മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിൽ സോൾഷ്യർ മനസ് തുറന്നതും, അർജന്റൈൻ താരം യുണൈറ്റഡിലേക്ക്‌ വരില്ലെന്ന് വ്യക്തമാക്കിയതും. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ ചിരവൈരികളായ ഒരു ക്ലബ്ബ് തന്നെ ടീമിലെത്തിക്കാൻ ശ്രമിക്കുകയും, താൻ അങ്ങോട്ടേക്ക് പോവുകയും ചെയ്താൽ എവിടെയാണ് ലോയൽറ്റി എന്ന് ചോദിക്കുന്ന സോൾഷ്യർ, ലോയൽറ്റി എന്ന കാര്യത്തിന് താൻ വളരെയധികം മൂല്യം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി.

"ഒരു ക്ലബ്ബിനായി 10 വർഷങ്ങൾ കളിച്ച താരം, അവരുടെ പ്രാദേശിക എതിർ ടീമിലേക്ക് പോകാൻ തയ്യാറാകുമെന്ന് ഞാൻ കരുതുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ നിങ്ങൾ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകില്ല. അതിന് ഒത്തിരി ഉദാഹരണങ്ങളുണ്ട്. ഞാൻ പേരുകളൊന്നും പറയുന്നില്ല, എന്നാൽ ഞാൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം." സോൾഷ്യർ പറഞ്ഞു.

അതേ‌ സമയം പ്രീമിയർ ലീഗിലെ എക്കാലത്തെയും ഉയർന്ന വിദേശ ഗോൾ സ്കോററായ സെർജിയോ അഗ്യൂറോ‌ നീണ്ട 10 വർഷങ്ങൾ കളിച്ചതിന്‌ ശേഷമാണ് ഇത്തവണ മാഞ്ചസ്റ്റർ സിറ്റി വിടുന്നത്. സിറ്റിക്കായി ജേഴ്സിയണിഞ്ഞ 385 മത്സരങ്ങളിൽ 257 ഗോളുകളും, 73 അസിസ്റ്റുകളുമാണ് അഗ്യൂറോയുടെ സമ്പാദ്യം.

facebooktwitterreddit