Football in Malayalam

ഇത് ഏറ്റവും നിർണായകമായ സീസൺ, സോൾഷെയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പുറത്താക്കരുതെന്ന് പാർക്ക് ജി സങ്

Sreejith N
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Jonathan Moscrop/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ മോശം ഫോമിനെ തുടർന്ന് പരിശീലക സ്ഥാനം നഷ്‌ടപെടാൻ സാധ്യതയുള്ള ഒലെ ഗുണ്ണാർ സോൾഷെയർക്ക് പിന്തുണ നൽകി ക്ലബിന്റെ മുൻ താരമായ പാർക്ക് ജി സങ്. നോർവീജിയൻ പരിശീലകനു കീഴിൽ ക്ലബ് കഴിഞ്ഞ സീസണുകളിൽ മെച്ചപ്പെട്ടു വന്നിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ നിർണായകമായ ഈ സീസണിന്റെ ഇടയിൽ വെച്ച് അദ്ദേഹത്തെ പുറത്താക്കരുത് എന്നുമാണ് പാർക്ക് പറയുന്നത്.

വാട്ഫോഡുമായുള്ള പ്രീമിയർ ലീഗ് മത്സരം ഇന്നു നടക്കാനിരിക്കെ വളരെയധികം സമ്മർദ്ദമാണ് സോൾഷെയർ നേരിടുന്നത്. കഴിഞ്ഞ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ച ടീം അവസാന രണ്ടു ഹോം മത്സരങ്ങളിൽ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരോട് തോറ്റതോടെയാണ് സോൾഷെയറിന്റെ പരിശീലക സ്ഥാനത്തിനു കൂടുതൽ ഭീഷണി ഉയർന്നത്.

"മൂന്നു വർഷങ്ങളായി സോൾഷെയർ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തുണ്ട്. അദ്ദേഹം ക്ലബിൽ തുടരുമോ എന്നതിനെ സംബന്ധിച്ച് വളരെ നിർണായകമായേക്കാവുന്ന സീസണാണ് ഇതെന്നു ഞാൻ കരുതുന്നു," പ്രമുഖ കായിക മാധ്യമമായ ഗോളിനോട് സംസാരിക്കേ പാർക്ക് ജി സങ് പറഞ്ഞു.

"മാഞ്ചസ്റ്റർ യുണൈറ്റഡിൽ അദ്ദേഹം ചെയ്‌ത കാര്യങ്ങൾ മതിപ്പർഹിക്കുന്നതാണെന്നു ഞാൻ കരുതുന്നു. ഈ സീസൺ അവസാനം വരേയ്ക്കും തന്റെ സ്ഥാനം നിലനിർത്താൻ പോരാടാനുള്ള അവസരവും അദ്ദേഹത്തിനു നൽകണം. എന്നാൽ അതിനു ശേഷവും തുടരാൻ കഴിയുമോയെന്നത് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത്," കൊറിയൻ താരം വ്യക്തമാക്കി.

ലൂയിസ് വാൻ ഗാൽ, മൗറീന്യോ എന്നിവർ ക്ലബിന്റെ വികാരവും സംസ്‌കാരവും കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടപ്പോൾ സോൾഷെയർ അതിൽ വിജയിച്ചുവെന്നും പാർക്ക് അഭിപ്രായപ്പെട്ടു. അതുകൊണ്ടു തന്നെ സോൾഷെയർ തന്നെ തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് എടുത്ത തീരുമാനം മികച്ചതാണെന്നും എന്നാൽ ഗ്വാർഡിയോള, ക്ലോപ്പ്, ടുഷെൽ എന്നിവരോട് പൊരുതാൻ അദ്ദേഹത്തിനു കഴിയുമോയെന്ന് ഈ സീസണു ശേഷം മാത്രമേ മനസിലാക്കാൻ കഴിയൂവെന്നും പാർക്ക് വ്യക്തമാക്കി.


facebooktwitterreddit