Football in Malayalam

സാഞ്ചോയുടെ സമീപകാല പ്രകടനം വെച്ച് ഇംഗ്ലണ്ട് ടീമിൽ സ്ഥാനമർഹിക്കുന്നില്ലെന്നു സൗത്ത്‌ഗേറ്റ്, മറുപടിയുമായി സോൾഷെയർ

Sreejith N
Manchester United v Villarreal - UEFA Champions League
Manchester United v Villarreal - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

ജാഡൻ സാഞ്ചോയുടെ സമീപകാല പ്രകടനം വെച്ച് താരം ഇംഗ്ലണ്ട് ടീമിൽ സ്ഥാനമർഹിക്കുന്നില്ലെന്ന സൗത്‌ഗേറ്റിന്റെ പ്രസ്‌താവനക്കു മറുപടി നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ സാഞ്ചോയെ ഉൾപ്പെടുത്തിയതിനു ശേഷമാണ് ഇത്തരമൊരു പ്രതികരണം സൗത്ത്‌ഗേറ്റ് നടത്തിയത്.

ബൊറൂസിയ ഡോർട്മുണ്ടിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്ന സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ഫോമിന്റെ ലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്നിരിക്കെ കഴിഞ്ഞ ഏതാനും ആഴ്‌ചകളിൽ താരം നടത്തിയ പ്രകടനം ഇംഗ്ലണ്ട് ടീമിൽ ഇടം നേടാൻ പര്യാപ്‌തമല്ലെന്നായിരുന്നു സൗത്ത്‌ഗേറ്റ് പറഞ്ഞത്. സാഞ്ചോക്ക് ഉയർന്ന നിലവാരത്തിലെത്താൻ കഴിയുമെന്നും കൂടുതൽ കാലത്തേക്ക് തങ്ങൾ പരിഗണിക്കുന്ന താരമാണ് അദ്ദേഹമെന്നതു കൊണ്ടാണ് ടീമിലിടം നേടിയതെന്നും അതിനൊപ്പം സൗത്ത്‌ഗേറ്റ് കൂട്ടിച്ചേർത്തിരുന്നു.

അതേസമയം അസാധാരണ കഴിവുകളുള്ള താരമാണു സാഞ്ചോയെന്നാണ് സോൾഷെയർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അഭിപ്രായപ്പെട്ടത്. വളരെയധികം ഊർജ്ജം പകരുന്ന സാഞ്ചോയെ ടീമംഗങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെന്നും അവരുമായി ഒത്തിണങ്ങി വളരെ വേഗത്തോടെ നിരവധി എതിരാളികളെ പിന്നിലാക്കി മുന്നോട്ടു പോകുന്ന താരത്തിന്റെ സാന്നിധ്യമാണ് തങ്ങളുടെ ആവശ്യമെന്നും സോൾഷെയർ കൂട്ടിച്ചേർത്തു.

സാഞ്ചോ ഇതുവരെയും ഗോളുകൾ നേടിയിട്ടില്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കണ്ടുവെന്ന് സോൾഷെയർ അഭിപ്രായപ്പെട്ടു. താരത്തിൽ സൗത്ത്‌ഗേറ്റ് വിശ്വാസമർപ്പിക്കുന്നത് ശരിയായ കാര്യമാണെന്നും ഉയർന്ന നിലവാരമുള്ള കളിക്കാരനായ സാഞ്ചോയുടെ മികച്ച പ്രകടനം ഭാവിയിൽ വരുമെന്ന കാര്യം ഉറപ്പാണെന്നും സോൾഷെയർ വ്യക്തമാക്കി.

പ്രീമിയർ ലീഗിൽ എട്ടു മത്സരങ്ങൾ കളിച്ച് അതിൽ രണ്ടെണ്ണത്തിൽ മാത്രം സ്റ്റാർട്ട് ചെയ്‌ത സാഞ്ചോക്ക് ഇതുവരെയും ഗോൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം ബുണ്ടസ്‌ലീഗയിൽ നേടിയിരുന്നത്രയും ഗോളുകളും അസിസ്റ്റുകളും പ്രീമിയർ ലീഗിൽ കണ്ടെത്താൻ താരം വിഷമിക്കുമെന്നാണ് ഇംഗ്ലണ്ട് പരിശീലകനായ സൗത്ത്‌ഗേറ്റ് അഭിപ്രായപ്പെട്ടത്.

facebooktwitterreddit