മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുക ഏത് പൊസിഷനിലാകുമെന്ന സൂചന നൽകി സോൾഷെയർ

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം. യുവന്റസ് വിടുമെന്നുറപ്പിച്ച റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമായ സമയത്തായിരുന്നു തീർത്തും അപ്രതീക്ഷിതമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ റാഞ്ചിയത്. 2003 മുതലുള്ള 6 വർഷക്കാലം യുണൈറ്റഡിനായി കളിച്ച റോണോ നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ക്ലബ്ബിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു സിനിമാറ്റിക്ക് തിരിച്ചു വരവ് നടത്തിയ റൊണാൾഡോയെ ഇക്കുറി സെൻട്രൽ സ്ട്രൈക്കറായാകും ക്ലബ്ബ് കളിപ്പിക്കുയെന്നാണ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ നൽകുന്ന സൂചന. മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ ഏത് പൊസിഷനിലാവും കളിക്കുകയെന്ന കാര്യത്തിൽ ഫുട്ബോൾ ലോകത്ത് തകൃതിയായി ചർച്ച നടക്കവെയാണ് സെൻട്രൽ സ്ട്രൈക്കറായാകും അദ്ദേഹത്തെ ഉപയോഗിക്കുകയെന്ന് സോൾഷ്യർ സൂചന പുറത്ത് വിട്ടിരിക്കുന്നത്.
ആക്രമണത്തിലെ ഏത് റോളിൽ കളിപ്പിച്ചാലും റൊണാൾഡോക്ക് തിളങ്ങാൻ കഴിയുമെന്നാണ് സോൾഷ്യറുടെ പക്ഷം. ഇതിനൊപ്പമായിരുന്നു സ്ട്രൈക്കറായിട്ടാകും ഭൂരിഭാഗം സമയത്തും അദ്ദേഹം കളിക്കുകയെന്ന് യുണൈറ്റഡ് ബോസ് ചൂണ്ടിക്കാട്ടിയത്.
Ole Gunnar Solskjaer confirms what position Cristiano Ronaldo will play for Manchester United #mufc https://t.co/CYOqrizU4V
— Man United News (@ManUtdMEN) August 29, 2021
"ഒരു കളിക്കാരനെന്ന നിലയിൽ റൊണാൾഡോ പരിണമിച്ചിട്ടുണ്ട്. അവൻ വൈഡ് ലെഫ്റ്റിലും, വൈഡ് റൈറ്റിലും, മുന്നിലും കളിക്കാറുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ എന്നെ സംബന്ധിച്ച് റൊണാൾഡോ പ്രധാനമായും ഒരു സെന്റർ ഫോർവേഡാണ്," സോൾഷെയർ വ്യക്തമാക്കി.
"പക്ഷെ, ഞങ്ങൾ രണ്ട് പേരെയും മൂന്ന് പേരെ മുന്നിൽ അണിനിരത്തുന്ന മത്സരങ്ങളുമുണ്ടാകും. അവനെ എനിക്ക് ബോക്സിൽ ആവശ്യമുണ്ട്, ഗോളുകൾ സ്കോർ ചെയ്യാൻ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇഷ്ടപ്പെടുന്ന എല്ലാവരും ഇത് സംഭവിക്കണമെന്ന് ആഗ്രഹിച്ചു (റൊണാൾഡോയുടെ ക്ലബ്ബിലേക്കുള്ള തിരിച്ചു വരവ്). പക്ഷേ ഏറ്റവും പ്രധാന കാര്യം ക്രിസ്റ്റ്യാനോ ഇവിടേക്ക് വരാൻ ആഗ്രഹിച്ചു എന്നതാണ്," സോൾഷ്യർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.