റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനൊരുങ്ങിയെന്നു വിശ്വസിക്കുന്നില്ലെന്ന് സോൾഷെയർ


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഒരുങ്ങിയെന്നു താൻ കരുതുന്നില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയർ. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് റൊണാൾഡോ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു എങ്കിലും ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് താരത്തെ സ്വന്തമാക്കിയത്.
യുവന്റസിൽ റൊണാൾഡോ തൃപ്തനല്ലായിരുന്നു എന്നതിനാൽ ഏജന്റായ ജോർജ് മെൻഡസ് സമ്മർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ നിരവധി ക്ലബുകൾക്ക് താരത്തെ ഓഫർ ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. ഒടുവിൽ ഹാരി കേനിനെ സ്വന്തമാക്കുന്നതിൽ പരാജയപ്പെട്ട മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തെ സ്വന്തമാക്കാൻ മുൻനിരയിൽ ഉണ്ടായിരുന്നത്.
Cristiano Ronaldo never close to joining Manchester City, says Ole Gunnar Solskjaer https://t.co/WlKzgISGLn
— Indy Football (@IndyFootball) September 10, 2021
എന്നാൽ താരത്തിനു വേണ്ടി ട്രാൻസ്ഫർ ഫീസ് നൽകാൻ കഴിയില്ലെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ നിലപാട് ട്രാൻസ്ഫർ നീക്കങ്ങളെ സങ്കീർണമാക്കുകയും അതിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തെത്തി ട്രാൻസ്ഫർ ഫീ കാര്യത്തിൽ പതിമൂന്നു മില്യൺ പൗണ്ടോളം യുവന്റസുമായ ധാരണയിലെത്തി തങ്ങളുടെ ഇതിഹാസതാരത്തെ തിരികെയെത്തിക്കുകയും ചെയ്തുവെന്നാണ് യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നത്.
റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുണ്ടായിരുന്ന സാധ്യത പേടിപ്പിച്ചിരുന്നുവെന്ന ചോദ്യത്തിന് അങ്ങിനെയൊരു സാധ്യത തന്നെ ഉണ്ടായിരുന്നില്ലെന്നാണ് സോൾഷെയർ മറുപടി പറഞ്ഞത്. താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമായിരുന്നു എന്നു താൻ കരുതുന്നില്ലെന്നും നോർവീജിയൻ പരിശീലകൻ വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ മത്സരം ഇന്നു നടക്കാനിരിക്കെയാണ്. അഞ്ചു വർഷത്തോളമായി ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഫോമിലേക്ക് നയിക്കാൻ താരത്തിനു കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.