സോൾഷ്യർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് തുടരണമെന്ന് ഫെർഗൂസനും, എഡ് വുഡ്വേർഡും; തീരുമാനമെടുക്കുക ഗ്ലേസർ

മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ഒലെ ഗുണ്ണാർ സോൾഷ്യറെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളിൽ ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന സൂചനകൾ ശക്തമാണ്. ആരാധകർക്കും സോൾഷ്യറിൽ കാര്യമായ താല്പര്യമില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതിനിടെ ഇപ്പോളിതാ ക്ലബ്ബിന്റെ മുൻ പരിശീലകനായ സർ അലക്സ് ഫെർഗൂസന്റേയും, ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ എഡ് വുഡ്വേർഡിന്റേയും, മാനേജിംഗ് ഡയറക്ടറായ അർനോൾഡിന്റേയും പിന്തുണ സോൾഷ്യറിനുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപകാല പ്രകടനങ്ങൾ ദയനീയമാണെങ്കിലും സോൾഷ്യർ പരിശീലക സ്ഥാനത്ത് തുടരണമെന്ന പക്ഷക്കാരാണ് ഫെർഗൂസനും, എഡ് വുഡ്വേർഡും, അർനോൾഡും. എന്നാൽ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രമുഖരുടെ പിന്തുണയുണ്ടെങ്കിലും സോൾഷ്യറിന്റെ ഭാവി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക ക്ലബ്ബിന്റെ ഉടമസ്ഥാവകാശം നയിക്കുന്ന ഗ്ലേസർ കുടുംബത്തിന്റെ കോ ചെയർമാനായ ജോയൽ ഗ്ലേസറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിൽ ഗ്ലേസർ കുടുംബത്തിൽ നിന്നുള്ള അഞ്ച് പേരാണുള്ളത്. ഇവരായിരിക്കും സോൾഷ്യർ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുക. ഉടൻ തന്നെ ഇക്കാര്യത്തിൽ ഇവർ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതപ്പെടുന്നത്.
Solskjær backed by Ferguson and some directors but manager's fate rests with Joel Glazer. Story by @JamieJackson___ and @FabrizioRomano https://t.co/Lk2tiHKOet
— Guardian sport (@guardian_sport) October 26, 2021
അതേ സമയം അവസാനം കളിച്ച 9 മത്സരങ്ങളിൽ 5 എണ്ണത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത് പരിശീലകൻ സോൾഷ്യറിൽ ടീമിലെ ഒരു കൂട്ടം താരങ്ങൾക്കുള്ള വിശ്വാസവും നഷ്ടപ്പെടുത്തിയെന്ന് സൂചനകളുണ്ട്. ടീമിന്റെ പ്രതിരോധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സോൾഷ്യർ തുടർച്ചയായി പരാജയപ്പെടുന്നതിലും, ചില താരങ്ങളോട് അദ്ദേഹം കാണിക്കുന്ന അമിത താല്പര്യത്തിലും ക്ലബ്ബിലെ ഒരു പറ്റം താരങ്ങൾ അസന്തുഷ്ടരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്തായാലും തന്റെ പരിശീലക കരിയറിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് സോൾഷ്യർ കടന്നു പോകുന്നത് എന്നതിൽ യാതൊരു സംശയവുമില്ല.