Football in Malayalam

"ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ"- മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിൽ ഡി ഹിയയെ പ്രശംസിച്ച് സോൾഷെയർ

Sreejith N
Manchester United v Villarreal CF: Group F - UEFA Champions League
Manchester United v Villarreal CF: Group F - UEFA Champions League / Laurence Griffiths/Getty Images
facebooktwitterreddit

വിയ്യാറയലിനെതിരായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വിജയം നേടിക്കൊടുത്തത് അലക്‌സ് ടെല്ലസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ഗോളുകൾ ആയിരുന്നെങ്കിലും മത്സരത്തിലുടനീളം ഗോൾകീപ്പർ ഡി ഹിയ പുറത്തെടുത്ത പ്രകടനം അവിസ്‌മരണീയമായിരുന്നു. വിയ്യാറയൽ സംഘടിപ്പിച്ച ആക്രണമങ്ങളിൽ കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിർത്തിയ താരത്തിനു മത്സരത്തിനു ശേഷം പരിശീലകൻ സോൾഷെയറിന്റെ പ്രശംസ ലഭിക്കുകയും ചെയ്‌തു.

"ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ഇന്നു രാത്രി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അതിശയകരമായ പ്രകടനമാണ് ഡേവിഡ് കാഴ്‌ച വെച്ചത്. രണ്ടാം പകുതിയിൽ കൂടുതൽ പന്തു ലഭിക്കുകയും തുറന്ന അവസരങ്ങൾ ലഭിക്കുകയും ചെയ്‌ത അവർ ലീഡ് നേടേണ്ടതായിരുന്നു. ഓൾഡ് ട്രാഫോഡ് ഒരു മാജിക്കാണ്. ഓൾഡ് ട്രാഫോഡിൽ വെച്ചു നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ കാര്യത്തിൽ ചരിത്രം നമ്മളെ സഹായിക്കും. ഇന്ന് ക്രിസ്റ്റ്യാനോയും അലക്‌സ് ടെല്ലസും മികച്ച ഗോളുകളുമായി വന്നു."

"ഡി ഹിയയെ സംബന്ധിച്ച് സമ്മർ ബുദ്ധിമുട്ടേറിയതായിരുന്നു. യൂറോ കപ്പിൽ പങ്കെടുത്തു കളിക്കാൻ കഴിയാതിരുന്ന താരം ഇച്ഛാശക്തിയോടെ തിരിച്ചുവരികയും കൂടുതൽ വർക്ക്റേറ്റ് കാണിക്കുകയും ചെയ്‌തത്‌ ഞാൻ ആസ്വദിക്കുന്നു. അതിനർഹിച്ച പ്രതിഫലം തന്നെ ലഭിച്ചിട്ടുണ്ട്. താരമാണ് ഞങ്ങളെ ഇന്നു രക്ഷിച്ചത്. ഞങ്ങൾക്ക് ടോം ഹീറ്റൻ, ഡീൻ ഹെൻഡേഴ്‌സൺ എന്നിങ്ങനെ മികച്ച കീപ്പർമാരുണ്ടെങ്കിലും ഡി ഹിയായാണ് ഇന്നത്തെ താരം." സോൾഷെയർ വ്യക്തമാക്കി.

മത്സരത്തിലുടനീളം ആറു മികച്ച സേവുകൾ നടത്തിയ ഡി ഹിയയെ മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസും അഭിനന്ദിച്ചു. മത്സരം അവസാന മിനുട്ടുകൾ വരെ സമനിലയിൽ നിർത്താൻ താരത്തിന്റെ സേവുകൾ വളരെ നിർണായകമായിരുന്നു എന്നാണു ബ്രൂണോ പറഞ്ഞത്. പ്രീമിയർ ലീഗിൽ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ എവെർട്ടനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു നേരിടേണ്ടത്.

facebooktwitterreddit