ഇതു ജീവിതത്തിലെ കറുത്ത ദിനമെന്നു സോൾഷെയർ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കാൻ തനിക്കു കഴിയുമെന്നും നോർവീജിയൻ പരിശീലകൻ


ലിവർപൂളിനെതിരെ വഴങ്ങിയ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തോൽവി ജീവിതത്തിലെ കറുത്ത ദിനങ്ങളിലൊന്നാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. അതേസമയം കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഒന്നിനെതിരെ ആറു ഗോളുകളുടെ തോൽവി ടോട്ടനത്തോട് വഴങ്ങിയിട്ടും ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ തിരിച്ചു വരവിനെക്കുറിച്ച് ഓർമിപ്പിച്ച സോൾഷെയർ ടീമിനെ ഉയർത്തിയെടുക്കാൻ തനിക്കു കഴിയുമെന്നും വ്യക്തമാക്കി.
"ഈ താരങ്ങളെ നയിച്ചതിൽ ഏറ്റവും കറുത്ത ദിവസമാണ് ഇന്ന് എന്നതിൽ കൂടുതൽ ഒന്നും പറയുക എളുപ്പമല്ല. ഞങ്ങൾ വ്യക്തിഗതമായും ഒരു ടീമായും അത്ര മികച്ചതായിരുന്നില്ല. ലിവർപൂൾ പോലെയൊരു ടീമിന് ഇതുപോലെ അവസരങ്ങൾ നൽകാൻ പാടില്ലായിരുന്നു, ദൗർഭാഗ്യവശാൽ ഞങ്ങളതു നൽകി." മത്സരത്തിനു ശേഷം സ്കൈ സ്പോർട്സിനോട് സോൾഷെയർ പറഞ്ഞു.
Ole Gunnar Solskjær about his future as Man United manager: “I have come too far, we have come too far as a group and we are too close to give up now”, he told @shamoonhafez. ? #MUFC
— Fabrizio Romano (@FabrizioRomano) October 24, 2021
“We are at rock bottom, we cannot feel any worse than this”. #Solskjaer
"ഉത്തരവാദിത്വം എന്റേതാണ്. കോച്ചിങ് സ്റ്റാഫുകൾ വളരെ മികച്ചതും ബുദ്ധിയുള്ളവരുമാണ്. ഞങ്ങൾ മത്സരത്തെ സമീപിച്ച രീതി ഞാൻ തിരഞ്ഞെടുത്തതാണ്. ഞങ്ങൾ കൃത്യതയോടെ കളിച്ചില്ല എന്നതിനു പുറമെ അവർക്ക് കൂടുതൽ സ്പേസ് നൽകുകയും ചെയ്തു. നല്ല കളിക്കാർക്ക് സ്പേസ് നൽകിയാൽ അവർ ഗോൾ നേടുക തന്നെ ചെയ്യും."
"ഈ താരങ്ങൾക്ക് ഇനിയും മുന്നോട്ടു പോകാൻ കഴിയുമെന്ന് എനിക്കറിയാം. അവസാന സീസൺ എടുത്തു നോക്കിയാൽ ഞങ്ങൾ 6-1നു സ്പർസിനോടു തോൽവി വഴങ്ങിയിരുന്നു. പക്ഷെ ഇതതിനെക്കാൾ വളരെ മോശമാണ്. മാഞ്ചസ്റ്റർ ആരാധകൻ എന്ന നിലയിൽ ഇതെനിക്ക് അത്രയും മോശപ്പെട്ട കാര്യമാണ്. എന്നാൽ എത്രയും പെട്ടന്ന് ഇതിനെ ഞങ്ങൾ മറികടക്കും എന്നു മാത്രമേ എനിക്ക് പറയാൻ കഴിയൂ." സോൾഷെയർ പറഞ്ഞു.
ക്ലബ്ബിനെ ഇനിയും മുന്നോട്ട് നയിക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടോയെന്ന ചോദ്യത്തിന് അതെയെന്നു തന്നെയാണ് സോൾഷെയർ മറുപടി പറഞ്ഞത്. "ഞാനൊരുപാട് ദൂരം മുന്നോട്ടു വന്നു, ഞങ്ങളൊരു ഗ്രൂപ്പെന്ന നിലയിൽ ഒരുപാട് ദൂരം മുന്നോട്ടു വന്നു. തൊട്ടരികിലെത്തിയതിനു ശേഷം എല്ലാം കൈവിടുന്നത് ബുദ്ധിമുട്ടാണ്. കളിക്കാർ നിരാശരാകുമെങ്കിലും അതിൽ മികച്ച വ്യക്തികളുണ്ട്. ഞങ്ങൾ അടിത്തട്ടിലെത്തിയെന്നും ഇതിൽ കൂടുതൽ മോശമാകാനില്ലെന്നും അറിയാം, ഇതു ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോവുകയെന്നു നോക്കാം." അദ്ദേഹം വ്യക്തമാക്കി.