Football in Malayalam

പരിശീലകസ്ഥാനം തരൂ, ആഴ്‌സനലിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ക്ലബ് ഇതിഹാസം സോൾ കാംപ്ബെൽ

Sreejith N
Arsenal v Chelsea - Premier League
Arsenal v Chelsea - Premier League / Michael Regan/Getty Images
facebooktwitterreddit

ആഴ്‌സണൽ പരിശീലകസ്ഥാനം ലഭിച്ചാൽ ക്ലബിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തനിക്കു സഹായിക്കാൻ കഴിയുമെന്ന് ക്ലബിന്റെ മുൻതാരമായ സോൾ കാംപ്ബെൽ. ആഴ്‌സണലിനു വേണ്ടി 2001 മുതൽ 2006 വരെ സെന്റർ ബാക്കായി കളിച്ച കാംപ്ബെൽ 2003-04 സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ പ്രീമിയർ ലീഗ് കിരീടം നേടിയ ഗണ്ണേഴ്‌സ്‌ ടീമിലെ പ്രധാന താരമായിരുന്നു.

മികച്ച ട്രാൻസ്ഫറുകൾ നടത്തിയിട്ടും പ്രീമിയർ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ആഴ്‌സണൽ തോൽവിയോടെ തുടങ്ങിയതു കാരണം നിലവിലെ പരിശീലകനായ അർടെട്ടക്ക് വളരെയധികം സമ്മർദ്ദമുണ്ട്. ആദ്യത്തെ മത്സരത്തിൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ബ്രെന്റഫോഡിനോട് തോറ്റ ആഴ്‌സണൽ രണ്ടാമത്തെ മത്സരത്തിൽ ചെൽസിയോടും തോൽവി വഴങ്ങിയിരുന്നു.

ആഴ്‌സണലിന്റെ ഇപ്പോഴത്തെ മത്സരങ്ങൾ കാണുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണെന്നു പറഞ്ഞ കാംപ്ബെൽ, ട്രാൻസ്ഫറുകൾക്കായി പണം ചിലവാക്കിയെങ്കിലും സ്ഥിരതയും പരിചയസമ്പത്തും നിലവാരവുമാണ് ടീമിന് കൈമോശം വന്നതെന്നു സൂചിപ്പിച്ചു. പ്രതിഭയുള്ള താരങ്ങൾ ഭാവിയിലേക്ക് ആവശ്യമാണെങ്കിലും പെട്ടന്നു തന്നെ വിജയങ്ങൾ നേടാൻ പരിചയസമ്പന്നരായ കളിക്കാരും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പല താരങ്ങളും അടിസ്ഥാനപരമായ കാര്യങ്ങൾ വിസ്‌മരിക്കുന്നു എന്നു വ്യക്തമാക്കിയ കാംപ്ബെൽ പ്രതിരോധത്തിൽ അനാവശ്യമായ പിഴവുകൾ വരുത്തി ഗോളുകൾ വഴങ്ങുന്ന കാര്യവും ചൂണ്ടിക്കാട്ടി. തനിക്ക് ആഴ്‌സണൽ പരിശീലകസ്ഥാനം നൽകിയാൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും എങ്ങിനെ പ്രതിരോധിക്കണം എന്നു മനസിലാക്കി നൽകാൻ കഴിയുമെന്നും മുൻ ഇംഗ്ലണ്ട് താരം ടോക്ക്സ്പോർട്ടിനോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

ആഴ്‌സണലിനെയും ആർടെട്ടയെയും സംബന്ധിച്ച് അടുത്ത പ്രീമിയർ ലീഗ് മത്സരവും വളരെ കടുപ്പമായിരിക്കും. നിലവിലെ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ തയ്യാറെടുക്കുന്ന ഗണ്ണേഴ്‌സ്‌ അതിലും പരാജയം വഴങ്ങിയാൽ സ്‌പാനിഷ്‌ പരിശീലകന്റെ സ്ഥാനത്തിനു ഇളക്കം തട്ടുമെന്ന് ഉറപ്പാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit