Football in Malayalam

കിരീടങ്ങളെക്കുറിച്ചുള്ള സോൾഷെയറിന്റെ പരാമർശം ഫെർഗുസൻ പോലും അംഗീകരിക്കുന്നുണ്ടാവില്ലെന്ന് മൗറീന്യോ

Sreejith N
FBL-ENG-PR-MAN UTD-TOTTENHAM
FBL-ENG-PR-MAN UTD-TOTTENHAM / CARL RECINE/Getty Images
facebooktwitterreddit

കിരീടങ്ങൾ നേടുന്നതിനെ കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷെയർ നടത്തിയ പരാമർശം ഫെർഗുസൻ പോലും ഒരിക്കലും അംഗീകരിക്കില്ലെന്ന് ടോട്ടനം ഹോസ്‌പർ മാനേജർ ജോസെ മൗറീന്യോ. കിരീട വിജയങ്ങൾ നേടുകയെന്നത് പരിശീലകർക്കുള്ള ഈഗോയുടെ ഭാഗമാണെന്ന സോൾഷെയറിന്റെ പ്രസ്‌താവനയെ കുറിച്ചാണ് മൗറീന്യോ പ്രതികരിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനമായി ഒരു കിരീടം നേടുന്നത് മൗറീന്യോ പരിശീലകനായിരിക്കുന്ന സമയത്താണ്. പോർച്ചുഗീസ് പരിശീലകന് കീഴിൽ യൂറോപ്പ ലീഗും ലീഗ് കപ്പും നേടിയിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന പ്രീമിയർ ലീഗ് കിരീടം വന്നത് 2013ൽ ഫെർഗുസൻറെ അവസാന സീസണിലാണ്.

"അത് സോൾഷെയറിന്റെ അഭിപ്രായമാണ്. എന്നാൽ അദ്ദേഹത്തിന്റെ ബിഗ് ബോസായ സർ അലക്‌സ് ഫെർഗുസന് ഇക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായമാണ് ഉണ്ടായിരിക്കുക. സോൾഷെയർ പറഞ്ഞതിനെ ഞാൻ മാനിക്കുന്നുവെങ്കിലും എന്റെ ആശയങ്ങൾ വ്യത്യസ്തമാണ്," മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്റെ പ്രസ്താവനയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മൗറീന്യോ മറുപടി പറഞ്ഞു.

"ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, ആശയപരമായ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചെല്ലാമാണ് അദ്ദേഹം പറഞ്ഞതെങ്കിൽ കുഴപ്പമില്ല. അതെനിക്കൊരു പ്രശ്‌നമല്ല, അദ്ദേഹം ആരെയും താഴ്ത്തിക്കെട്ടുന്നുമില്ല. എന്നാൽ ഞാൻ സോൾഷെയറിന്റെ ബിഗ് ബോസിൽ വിശ്വസിക്കുന്നുവെന്ന കാര്യം ആവർത്തിക്കുകയാണ്. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പരിശീലകന് ഇക്കാര്യത്തിൽ മറ്റൊരു വീക്ഷണമാണ് ഉണ്ടാവുക."

മൗറീന്യോയെ പുറത്താക്കിയ ഒഴിവിലേക്ക് 2018ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സോൾഷെയറിനെ നിയമിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പതിനാലു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്. എഫ്എ കപ്പ്, കറബാവോ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ നിന്നെല്ലാം പുറത്തായ ടീമിന് ആകെയുള്ള പ്രതീക്ഷ യൂറോപ്പ ലീഗാണ്.


facebooktwitterreddit